കേളകം: കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര വടംവലി ശക്തമായി. അടുത്തിടെ നടക്കുന്ന വനിത കോ-ഓപ്പറേറ്റിവ് സംഘം തെരഞ്ഞെടുപ്പിൽ സംഘം പിടിച്ചെടുക്കാൻ ഇരുകൂട്ടരും ശക്തമായ നീക്കം തുടങ്ങി. പഞ്ചായത്തംഗങ്ങളും മുൻ മണ്ഡലം പ്രസിഡന്റുമാരും ഡിസിസി സെക്രട്ടറിയും ചേരിതിരിഞ്ഞാണ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നത്.
കേളകം മേഖലയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സഹകരണ ബാങ്കാണ് വനിത കോ-ഓപ്പറേറ്റിവ് സഹകരണ സംഘം. നിലവിലുള്ള ഭരണസമതി തുടരാൻ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ മണ്ഡലം പ്രസിഡന്റ് ചാർജെടുത്തതോടെ നിലവിലെ ഭരണസമതിയോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഐ ഗ്രൂപ്പു ഭരിച്ചു കൊണ്ടിരുന്ന കേളകം മണ്ഡലം അടുത്തിടയ്ക്കാണ് എ ഗ്രൂപ്പിന്റെ കൈകളിലെത്തിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേളകത്ത് നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുകളികൾ ശക്തമാണ്. നിരവധി തവണ ഡിസിസിയും കെപിസിസിയും ഇടപെട്ട് ചർച്ച നടത്തിയെങ്കിലും നാളിതുവരെയായിട്ടും പരിഹാരമായിട്ടില്ല.
കഴിഞ്ഞതവണത്തെ പഞ്ചായത്ത് ഭരണം ഇടയ്ക്ക് വെച്ച് നഷ്ടപ്പെടാൻ പോലും കാരണമായത് നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പുകളി മൂലമാണ്. ഇതിനിടെ കോൺഗ്രസ് ഒഫീസ് നിർമ്മിക്കാൻ എന്ന പേരിൽ നടത്തിയ പണപിരിവിൽ ക്രമക്കേടുണ്ടന്നും കരാറുകാരുടെ കൈയിൽ നിന്നും പണം വാങ്ങിയെന്നും ആരോപണവും ഉയർന്നിരുന്നു.
അടുത്തിടെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ മാറി വന്നെങ്കിലും ഇവരും ഗ്രൂപ്പുകളുടെ ഭാഗമായി മാറി എന്നാണ് സാധരണ പ്രവർത്തകരുടെ പരാതി.