കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി നേതാക്കളെയും അണികളെയും ആവേശത്തിലാക്കി മടങ്ങിയതിന് പിന്നാലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് യുദ്ധം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് പുതിയ വിവാദങ്ങള്‍ക്കും എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള വാക്‌പോരിന് വഴിയൊരുക്കിയത്.
തുടര്‍ പഠനത്തിനായി പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന അംഗപരിമിതനായ അസിം എന്ന പന്ത്രണ്ടുകാരനെ കണ്ടശേഷം പകര്‍ത്തിയ ചിത്രം രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. രാഹുല്‍ ഗാന്ധിയും രമേശ് ചെന്നിത്തലയും അസീമുമാണ് ചിത്രത്തിലുള്ളത്. ഇതേ ചിത്രം ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയാണ് രമേശ് ചെന്നിത്തല ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന ആരോപണം ഉയര്‍ന്നത്.
നിമിഷങ്ങള്‍ക്കുള്ളില്‍ രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിനു ചുവടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ചേരിതിരിഞ്ഞ് രൂക്ഷ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. രാഹുല്‍ വന്നതിന്റെ ആവേശം ഒരൊറ്റ പോസ്റ്റില്‍ നശിപ്പിച്ചെന്നാണ് പ്രവര്‍ത്തകരുടെ പ്രതികരണം.