തിരുവനന്തപുരം: ഡി സി സി പുന:സംഘടനപട്ടികയുമായി ബന്ധപ്പെട്ട് രണ്ടു വട്ടം ചർച്ച നടത്തിയെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ ഉമ്മൻചാണ്ടിക്ക് നീരസം.
ഒരേ ഒരു തവണയാണ് ചർച്ച നടത്തിയതെന്നും അന്ന് വി.ഡി സതീശനും ഒപ്പമുണ്ടായിരുന്നുവെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. രണ്ട് പ്രാവശ്യം ചർച്ച നടത്തിയെന്ന് കാട്ടാൻ കെ.സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയതിലും ഉമ്മൻചാണ്ടിക്ക് നീരസമുണ്ട്.
രണ്ടാം വട്ട ചർച്ച നടന്നതെവിടെയെന്ന് കെ.സിധാകരൻ വ്യക്തമാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. രണ്ട് പ്രാവശ്യം ചർച്ച നടന്നിരുന്നെങ്കിൽ തർക്കമുണ്ടാകില്ലായിരുന്നു. ആദ്യം ചർച്ച ചെയ്തപ്പോൾ നൽകിയ ലിസ്റ്റാണ് സുധാകരൻ കാണിച്ചത്.
അതിൽ വിശദ ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻചാണ്ടി പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് ഉമ്മൻ ചാണ്ടി തയ്യാറല്ല.നേരത്തെ ചർച്ചകൾ നടത്താതെ ചർച്ച നടത്തിയെന്നു ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചു പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണു ഉമ്മൻ ചാണ്ടിയുടെ വിമർശനം.
പുനഃസംഘടനയുമായി ബന്ധപ്പെട്ടു കൂടുതൽ ചർച്ചകളൊന്നും നടന്നില്ലെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്.
മുതിർന്ന നേതാക്കൾ അടക്കം എല്ലാവരുമായും ചർച്ച നടത്തിയാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയതെന്നു കെ. സുധാകരൻ പറഞ്ഞു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയാണ് പട്ടിക തയാറാക്കി സമർപ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മറുപടിയുമായി രംഗത്തെത്തി.