ചിറ്റൂർ: കൊഴിഞ്ഞാന്പാറ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ 17ന് ഹർത്താൽ നടത്താൻ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയോഗം തീരുമാനമെടുത്തു. പഞ്ചായത്ത് പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാട്ടുന്നതായി ആരോപിച്ചാണ് 17ന് രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ നടത്തുന്നത്.
പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽനിന്നും ഒഴിവാക്കും. പഞ്ചായത്തിലെ 12 വാർഡുകളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. നിലവിൽ രാവിലെയും വൈകുന്നേരവും നാമമാത്രമായ രീതിയിൽ വിതരണം ചെയ്യുന്ന വെള്ളം തീർത്തും അപര്യാപ്തമാണ്.
കൊഴിഞ്ഞാന്പാറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്.തനികാചലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി.രതീഷ്, എൻ.എം.അരുണ്‍പ്രസാദ് എന്നിവർ പ്രസംഗിച്ചു.