ബിജെപി ഇപ്പോള്‍ പ്രയോഗിക്കുന്ന ചാക്കിടല്‍ തന്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ കോണ്‍ഗ്രസ്;35 കൊല്ലം മുമ്പ് ഇതേ കര്‍ണാടകയില്‍ ഒരു എംഎല്‍എയ്ക്ക് വിലയിട്ടത് 25ലക്ഷം; കോടികള്‍ മറിയുമ്പോള്‍ ജനാധിപത്യം എങ്ങോട്ട്…

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അധികാരത്തിലേറിയ ബിജെപി 15 ദിവസത്തിനകം ഏതു വിധേനയും ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിലാണ്. ഇതിനായി കോടികള്‍ വാരിയെറിഞ്ഞ് ജെഡിഎസിലെയും കോണ്‍ഗ്രസിലെയും എംഎല്‍എമാരെ ചാക്കിലാക്കാനുള്ള ഊര്‍ജിത ശ്രമമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ പണം കൊടുത്ത് എംഎല്‍എമാരെ ചാക്കിടുന്ന തന്ത്രം തുടങ്ങിയത് കോണ്‍ഗ്രസ് ആണെന്നതാണ് യാഥാര്‍ഥ്യം. അടിന്തരാവസ്ഥയുടെ പ്രതിഫലനങ്ങള്‍ കണ്ട 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി അധികാരത്തില്‍ നിന്നു നിഷ്‌കാസിതയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ 1980ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവന്ന ഇന്ദിര തന്റെ എതിരാളികളായ ജനതാ സര്‍ക്കാരിനെ തൂത്തെറിഞ്ഞു.

ഇതിന്റെ പ്രതിധ്വനികള്‍ കര്‍ണാടകയിലുമുണ്ടായി. 1983ല്‍ കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തിയ ജനതാ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ അന്ന് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചാണ് കോണ്‍ഗ്രസ് കളിച്ചത്. അന്ന് ഒരു എംഎല്‍എയ്ക്ക് 25 ലക്ഷമായിരുന്നു അന്ന് കോണ്‍ഗ്രസ് ഓഫര്‍ ചെയ്തത്. ഒടുവില്‍ 1984ല്‍ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഡ്ഗെ രാജിവച്ചു. അന്ന് കോണ്‍ഗ്രസ് തുടക്കമിട്ട കുതിക്കച്ചവടത്തിനാണ് ഇന്ന് അമിത് ഷായും കൂട്ടരും പുതിയ തലം നല്‍കുന്നത്.

35 കൊല്ലം മുമ്പ് 25ലക്ഷമെന്നാല്‍ അതിന്റെ മൂല്യം ഏറെ ഉയരത്തിലാണ്. ഇന്ന് 100 കോടിയാണ് എംഎല്‍എമാരുടെ വില. ഗോവയിലും മണിപ്പൂരിലുമെല്ലാം എംഎല്‍എമാരെ കൂടുമാറ്റി ബിജെപി അധികാരം പിടിച്ചെടുത്തു. ഇവിടെയെല്ലാം ഭരണം നഷ്ടമായത് കോണ്‍ഗ്രസിനാണ്. ഇതിനെ ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടിയായി രാഷ്ട്രീയ വിശകലന വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെയായി 115 തവണ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. അതായത് ജനവിധിയെ കേന്ദ്രസര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് പിരിച്ചുവിടുന്ന രീതി. അങ്ങനെ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു. 87 തവണയാണ് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോണ്‍ഗ്രസ് തന്നെ.

1959ല്‍ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടു കൊണ്ട് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിവച്ച സംസ്ഥാന ഭരണം പിടിച്ചെടുക്കല്‍ തന്ത്രം 1966-1977 കാലഘട്ടത്തില്‍ 39 തവണയാണ് ഇന്ദിരാഗാന്ധി പ്രയോഗിച്ചത്. എന്നാല്‍ കുതിരക്കച്ചവടത്തിന്റെ കഥ തുടങ്ങുന്നത് 1953ലാണ്. അന്ന് മദ്രാസില്‍ രാജാജി പുറത്തെടുത്ത തന്ത്രം. 375 അംഗ നിയമസഭയില്‍ 152 എംഎല്‍മാര്‍ മാത്രമാണ് രാജാജിക്കൊപ്പമുണ്ടായിരുന്നത്. അവിശ്വാസം അതിജീവിക്കാന്‍ 50 പേരെ മറുകണ്ടം ചാടിച്ചു. അതിന്റെ പുതിയ മുഖമാണ് ഇന്ന് കര്‍ണ്ണാടകയിലും മറ്റും പരീക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. 1984 ല്‍ അമേരിക്കയില്‍ ചികില്‍സക്ക് പോയ എന്‍ടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു. തെലുങ്കുദേശത്തില്‍ നിന്ന് ഭാസ്‌കര റാവുവിനെ കോണ്‍ഗ്രസ് അടര്‍ത്തി എടുത്ത് മുഖ്യമന്ത്രിയാക്കി. അന്ന് റിസോര്‍ട്ടില്‍ എംഎല്‍എമാരെ പൂട്ടിയിട്ട് കോണ്‍ഗ്രസിന്റെ നീക്കം തടയാന്‍ എന്‍ടിആറും ശ്രമിച്ചു.

1993ല്‍ നരസിംഹറാവു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷമെത്തിയ സര്‍ക്കാര്‍ വില കൊടുത്താണ് അധികാരത്തില്‍ അതിശക്തരായത്. അജിത് സിങ്ങിന്റെ 8 എംപിമാരെയും , ജെഎംഎമ്മിന്റെ 4 എംപിമാര്‍ക്കും രണ്ട് കോടി വീതം കൊടുത്താണ് എല്ലാം നേരെയാക്കിയത്. ഈ കേസില്‍ കീഴ് കോടതി റാവുവിനെ 3 കൊല്ലം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ അടര്‍ത്തിയെടുത്തതിന് പിന്നിലും പണത്തിന്റെ കളികള്‍ പറയുന്നുണ്ട്. ഗോവയിലും , മണിപ്പൂരിലും , മേഘാലയയിലും , ഇപ്പോള്‍ കര്‍ണ്ണാടകയിലും പണത്തിന്റെ കരുത്തില്‍ ബിജെപിയും അധികാരം പിടിച്ചു. അങ്ങനെ കോണ്‍ഗ്രസ് തുടങ്ങിയ ജനാധിപത്യ ധ്വംസനം ബിജെപി പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്.

കേവലം 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി.യുടെ പ്രതിനിധിയായ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല തികച്ചും ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍പ്പറത്തിയിരിക്കുന്നുവെന്ന വാദമാണ് നിലവില്‍ സജീവമാകുന്നു. ”മറ്റ് രാഷ്ട്രീയകക്ഷിയുടെയോ എംഎല്‍എ.മാരുടെയോ പിന്‍തുണയോടെ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഗവര്‍ണറെ ബോധ്യപ്പെടുത്തുന്ന പക്ഷം, ആ അവകാശവാദം നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് ഗവര്‍ണര്‍ കാറ്റില്‍ പറത്തുന്നത്.

കര്‍ണ്ണാടകയില്‍ ബിജെപിക്ക് നിയമവിരുദ്ധവും അധാര്‍മികവുമായ വഴിയിലൂടെയല്ലാതെ 112 എന്ന മാന്ത്രികസംഖ്യ കടക്കാനാവില്ലെന്ന് ഗവര്‍ണര്‍ക്കറിയാം. എന്നിട്ടും ബിജെപിക്കാരനായ ഗവര്‍ണര്‍ തന്റെ പാര്‍ട്ടിക്ക് അനുകൂലമായ തീരുമാനമെടുക്കുമ്പോള്‍ അധാര്‍മികം എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ചരിത്രം പുനര്‍വായിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാനുള്ള അവകാശം ഉണ്ടോയെന്ന സംശയം ഉയരുന്നു.

Related posts