കോഴിക്കോട്: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ പുറമേക്ക് അസ്വാരസ്യങ്ങള്‍ കെട്ടടങ്ങിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ വീണ്ടും പ്രശ്നങ്ങള്‍ ആളിക്കത്തുമെന്ന് സൂചന.
നേരത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരേ ശക്തമായി പ്രതികരിച്ചിരുന്ന കെ. മുരളീധരന് എംപി തത്കാലം അടങ്ങുകയും ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന നിലപാട് തിരുത്തുകയും ചെയ്തു.
എംപിമാര്‍ മത്സരരംഗത്തുനിന്നു പിന്മാറുന്നത് പരാജയഭീതിമൂലമാണെന്ന പ്രതീതിയുണ്ടാക്കും എന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റില്‍ ഉയര്‍ന്ന വികാരം.
എന്നാല്‍ അത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ എം.കെ. രാഘവന് എംപിയുടെ കാര്യത്തില്‍ എങ്ങനെയാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. മുരളീധരനോട് നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ നേതൃത്വത്തിനോ വലിയ പ്രശ്നങ്ങളില്ല.
എന്നാല്‍ ‘എംപി കോക്കസില്‍’പെട്ട എം.കെ. രാഘവന്റെ സ്ഥിതി അതല്ല. നേതൃത്വത്തിന് അദ്ദേഹത്തോട് അനിഷ്ടമുണ്ട്.പാര്‍ട്ടി ദേശീയഅധ്യക്ഷ തെരഞ്ഞെടുപ്പ് സമയത്ത് ശശിതരൂരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതും തരൂരിനൊപ്പം കെപിസിസി നേതൃത്വത്തിന്റെ അറിവില്ലാതെ വിവിധ പരിപാടികളില്‍ പങ്കെടുത്തതുമാണ് ഇഷ്ടക്കേടിന് കാരണം.
ദേശീയ നേതാവ് പരിവേഷമുള്ള തരൂരിനും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള കെ. മുരളീധരനും നറുക്ക് വീണാലും എം.കെ. രാഘവന്റെ കാര്യത്തിൽ ഉറപ്പില്ല.
എം.കെ.രാഘവന് പകരം നിരവധിപേര്‍ ഇപ്പോള്‍തന്നെ സ്ഥാനാര്ഥികുപ്പായമിട്ട് രംഗത്തുണ്ട് താനും. നിലവിലുള്ള മറ്റ് കോൺഗ്രസ് എംപിമാരുടെ കാര്യത്തിലും തീരുമാനമെടുക്കുന്പോൾ പ്രശ്നങ്ങൾ ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്.