ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ വനിതകൾക്കും കുട്ടികൾക്കുമെതിരേ നിരന്തരം മാനഭംഗം നടക്കുന്നതിൽ പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ്. ലോക്സഭയിൽ ഇന്നലെ തെലുങ്കാന, ഉന്നാവോ വിഷയങ്ങൾ ഉന്നയിച്ച് കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞത് മോദിയുടെ അഭിമാന പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയിൽ നിന്ന് രാജ്യം റേപ്പ് ഇൻ ഇന്ത്യ ആയി മാറിയെന്നാണ്.
രാജ്യത്തെ വനിതകൾ ഇത്രയേറെ അരക്ഷിതമായ അന്തരീക്ഷത്തിൽ എത്തിപ്പെട്ടിരിക്കവേ പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണെന്നും കോണ്ഗ്രസ് കക്ഷി നേതാവ് ലോക്സഭയിൽ ആരോപിച്ചു. രാജ്യത്ത് പ്രതിദിനം നൂറോളം മാനംഭംഗങ്ങൾ നടക്കുന്നുവെന്നാണ് കണക്കുകൾ.
രാജ്യത്തെ എല്ലാക്കാര്യങ്ങളെയും കുറിച്ചു വാചാലനാകുന്ന മോദി വനിതകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ മൗനം പാലിക്കുകയാണ്. മേക്ക് ഇൻ ഇന്ത്യയിൽ നിന്ന് ഇന്ത്യ സാവധാനത്തിൽ റേപ്പ് ഇൻ ഇന്ത്യ എന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.