എം.പ്രേംകുമാർ
തിരുവനന്തപുരം : ജില്ലയിലെ പ്രതാപകാലം വീണ്ടെടുക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സ്ഥാനാർഥികളെ പരീക്ഷിക്കാൻ കോണ്‍ഗ്രസ് ആലോചന തുടങ്ങി.
ഏതു വിധേനേയും സംസ്ഥാന ഭരണത്തിലെത്താൻ ശ്രമിക്കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും തിരുവനന്തപുരം ജില്ലയിൽ സീറ്റു നില വർധിപ്പിച്ചേ മതിയാകൂ. ഇതിനുതകുന്ന തരത്തിലുള്ള ചർച്ചകളും കൂടിയാലോചനകളുമാണു കോണ്‍ഗ്രസിൽ ഇപ്പോൾ നടക്കുന്നത്.
സ്ഥിരം മുഖങ്ങളെ മാറ്റി വിദ്യാസന്പന്നരായ യുവാക്കളെ പരമാവധി സ്ഥാനാർഥികളാക്കാനുള്ള തീരുമാനത്തിലാണു കെപിസിസി നേതൃത്വം. ചില മണ്ഡലങ്ങളിൽ ജനപിന്തുണയുള്ള സീനിയർ കോണ്‍ഗ്രസ് നേതാക്കളും മത്സരിക്കാൻ സാധ്യതയുണ്ട്.
ജില്ലയിൽ തിരുവനന്തപുരം, അരുവിക്കര, കോവളം മണ്ഡലങ്ങളാണു യുഡിഎഫിന്റെ കൈവശമുള്ളത്. ഈ മൂന്നു സീറ്റുകളിലും നിലവിലെ കോണ്‍ഗ്രസ് എംഎൽഎമാർ തന്നെ മത്സരിക്കും.
തിരുവനന്തപുരത്ത് വി.എസ്.ശിവകുമാറും അരുവിക്കരയിൽ കെ.എസ്.ശബരീനാഥനും കോവളത്ത് എം.വിൻസന്റും തെരഞ്ഞെടുപ്പിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു.
മൂന്നിൽ നിന്നും എട്ടു സീറ്റിലേക്കെങ്കിലും എത്തുകയെന്നതാണു കോണ്‍ഗ്രസിന്റെ ലക്ഷ്യം. കാട്ടാക്കട, വർക്കല, വാമനപപുരം, വട്ടിയൂർക്കാവ്, നെടുമങ്ങാട് മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളെ മത്സരിപ്പിച്ചാൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണു അവർ.
വട്ടിയൂർക്കാവിൽ മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ കോണ്‍ഗ്രസിൽ സജീവമാണ്.
എന്നാൽ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുധീരൻ സ്ഥാനാർഥിയാകുന്നതിനുള്ള അസൗകര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ അദ്ദേഹം വട്ടിയൂർക്കാവിൽ ജനവിധി തേടും.
സുധീരന്റെ സ്ഥാനാർഥിത്വം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ യുഡിഎഫിനു ഗുണം ചെയ്യുമെന്നാണു പാർട്ടി വിലയിരുത്തൽ. ഗായകൻ ജി.വേണുഗോപാലിനെയും വട്ടിയൂർക്കാവിൽ പരിഗണിക്കുന്നതായി അറിയുന്നു.
കഴക്കൂട്ടത്ത് മുൻ കോണ്‍ഗ്രസ് എംഎൽഎ എം.എ.വാഹിദ് മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. ഇവിടെ ഡോ: എസ്.എസ്.ലാലിന്റെ പേരും സജീവമാണ്. പുതുമുഖത്തെ രംഗത്തിറക്കാനാണു കോണ്‍ഗ്രസ് ആലോചിക്കുന്നതെങ്കിൽ വാഹിദിനു മാറിനിൽക്കേണ്ടി വരും.
വർക്കലയിൽ കഹാർ തന്നെ സ്ഥാനാർഥിയാകുമെന്നാണു പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ മാർജിനിലാണു അദ്ദേഹം പരാജയപ്പെട്ടത്.
കാട്ടാക്കടയിലും വാമനപുരത്തും പുതുമുഖങ്ങളാകും സ്ഥാനാർഥികൾ. യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ പി.എസ്.പ്രശാന്ത് കാട്ടാക്കടയിൽ സ്ഥാനാർഥിയായേക്കും.
പാറശാലയിൽ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും നെയ്യാറ്റിൻകരയിൽ ആർ.ശെൽവരാജും സ്ഥാനാർഥികളാകാനാണു സാധ്യത. സംസ്ഥാനത്ത് ബിജെപിയുടെ ഏക മണ്ഡലമായ നേമത്തു കോണ്‍ഗ്രസ് സ്ഥാനാർഥിയായി ജി.വി.ഹരി മത്സരിച്ചേക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന യുഡിഎഫിന്റെ ഐശ്വര്യ യാത്രയ്ക്കു ശേഷം സ്ഥാനാർഥികളെ സംബന്ധിച്ചു കോണ്‍ഗ്രസിൽ ഔദ്യോഗിക ചർച്ച തുടങ്ങും.