ചണ്ഡിഗഡ്: ഹരിയാനയിലെ കോൺഗ്രസ് നേതാവിനെ വെടിവച്ചുകൊന്ന കേസിൽ ഗുണ്ടാത്തലവന്റെ ഭാര്യയും വേലക്കാരനും പിടിയിൽ. ഗുണ്ടാത്തലവൻ കൗശലിന്റെ ഭാര്യ റോഷ്നി, വീട്ടുജോലിക്കാരൻ നരേഷ് എന്നിവരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലയ്ക്കു പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ നൽകിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഫരീദാബാദ് ധൻവാപുർ സ്വദേശി ഭല്ല എന്നു വിളിക്കുന്ന വികാസും ഖേരി സ്വദേശി സച്ചിനും മറ്റു രണ്ടു പേരുമാണ് ചൗധരിയെ വെടിവച്ചത്. വികാസിനെ സിസിടിവി ദൃശ്യങ്ങളിൽനിന്നും നരേഷ് തിരിച്ചറിഞ്ഞു. വികാസാണ് ആയുധം വാങ്ങിയതെന്ന് നരേഷ് പോലീസിനോട് സമ്മതിച്ചു.
കോൺഗ്രസ് നേതാവ് വികാസ് ചൗധരിയും ഗുണ്ടാത്തലവൻ കൗശലും തമ്മിൽ പണം ഇടപാട് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫരീദാബാദിൽ കഴിഞ്ഞ വ്യാഴാഴ്ച പട്ടാപ്പകലാണ് ചൗധരിയെ അക്രമികൾ വെടിവച്ചുകൊന്നത്. സെക്ടര്‍-9ല്‍ ഉള്ള ഒരു ജിമ്മിനു പുറത്ത് കാറില്നിന്നിറങ്ങുമ്പോഴായിരുന്നു ആക്രമണം.
മുഖംമൂടി ധരിച്ച അക്രമികള്‍ അദ്ദേഹത്തിനു നേര്‍ക്ക് പത്തിലധികം തവണ വെടിയുതിര്‍ത്തു. ഗുരുതരമായി പരിക്കേറ്റ വികാസ് ചൗധരിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട വികാസ് ചൗധരി. നേരത്തെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലായിരുന്ന വികാസ് ചൗധരി 2015ല്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.