ഫ്രാങ്കോ ലൂയിസ്
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു ചങ്കിൽ കൊള്ളുന്നൊരു മുദ്രാവാക്യം വേണം. കോണ്‍ഗ്രസ് പ്രധാന പ്രവർത്തകരോട് അഭിപ്രായം തേടിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ശക്തി ആപ്പിലൂടെയാണ് എല്ലാ പ്രവർത്തകരോടും പ്രതികരിക്കാൻ ആവശ്യപ്പെട്ടത്.
ആറോ ഏഴോ വാക്കുകളുള്ള മുദ്രാവാക്യമാണു വേണ്ടത്. യോജ്യമായ മുദ്രാവാക്യം 9133919100 എന്ന നന്പരിലേക്ക് എസ്എംഎസ് ചെയ്യണം. മികച്ചത് തെരഞ്ഞെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമാക്കും.
ശക്തി ആപ്പിൽ ചേർന്ന എല്ലാ കോണ്‍ഗ്രസ് അംഗങ്ങൾക്കുമാണ് ഈ സന്ദേശം ലഭിച്ചത്. നമുക്കെല്ലാം ചേർന്ന് കോണ്‍ഗ്രസിനെ മേയ് മാസത്തോടെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാമെന്നുകൂടി പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുദ്രാവാക്യത്തിനു പ്രകടനപത്രികയേക്കാൾ പ്രാധാന്യമുണ്ട്. പണ്ടു പാർട്ടികളുടെ മുതിർന്ന നേതാക്കളാണ് മുദ്രാവാക്യം തയാറാക്കിയിരുന്നത്. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി സാധാരണക്കാരെ സ്വാധീനിക്കുന്ന മുദ്രാവാക്യം ഇവന്റ് മാനേജുമെന്റ് വിദഗ്ധരും കോപ്പി റൈറ്റർമാരുമാണ് നിർദേശിക്കാറുള്ളത്.
ബിജെപി ഇത്തവണ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം ’അസാധ്യമായതെല്ലാം സാധ്യമാക്കി’ എന്നതാണ്. മുൻ സർക്കാരുകളുടെ കാലത്ത് അസാധ്യമായ വൻ വികസന പദ്ധതികളും സ്വപ്നങ്ങളുമെല്ലാം മോദി സർക്കാർ നടപ്പാക്കിയെന്ന മുദ്രാവാക്യവുമായി ബിജെപി അടുത്ത ദിവസംതന്നെ പ്രചാരണം തുടങ്ങും.
കഴിഞ്ഞ തവണ ബിജെപിയുടെ മുദ്രാവാക്യം ’ഇനി മോദി സർക്കാർ’ എന്നതായിരുന്നു. 2004 ൽ ’ഇന്ത്യ തിളങ്ങുന്നു’ എന്നതായിരുന്നു എൻഡിഎയുടെ മുദ്രാവാക്യം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫ് മുന്നോട്ടുവച്ച മുദ്രാവാക്യവും ഏറെ ചർച്ചയായിരുന്നു. ’എൽഡിഎഫ് വരും എല്ലാം ശരിയാകു’മെന്നായിരുന്നു എൽഡിഎഫിന്റെ മുദ്രാവാക്യം.