നിയാസ് മുസ്തഫ
ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, കോൺഗ്രസ് നേതാവ് പാർട്ടി വിട്ടത് അണികൾക്കും നേതാക്കൾക്കും ഒരുപോലെ ഇരുട്ടടിയായി.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് ആണ് കോൺഗ്രസ് പാളയത്തിൽനിന്ന് സമാജ് വാദി പാർട്ടിയിലേക്ക് ചേക്കേറിയത്.
അണികളെ വെർച്വൽ മീറ്റിംഗിലൂടെ വിളിച്ചുചേർത്ത് അവരുമായി ആലോചിച്ചശേഷമാണ് മസൂദ് എസ്പിയിൽ ചേർന്നിരിക്കുന്നത്.
എസ്പിക്ക് നേട്ടമായി
ഉത്തർപ്രദേശിലെ യഥാർഥ മത്സരം ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലാണെന്നും കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ വലിയ റോളില്ലെന്നും മസൂദ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്പോൾ കോൺഗ്രസിൽനിന്ന് മുതിർന്ന നേതാവിനെ അടർത്തി മാറ്റാനായത് എസ്പിയുടെയ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
മുസ്ലിം വോട്ടുകളിൽ ഇത്തവണ എസ്പി ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. ഈ പ്രതീക്ഷയ്ക്ക് മസൂദിന്റെ വരവ് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് എസ്പി നേതൃത്വം.
മസൂദിന്റെ മനസിൽ
2007ലെ യുപി തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച മസൂദ് 2012ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് 2013ൽ സമാജ് വാദി പാർട്ടിയിൽ ചേർന്നു. എന്നാൽ തൊട്ടടുത്തവർഷം അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക് എത്തുകയായിരുന്നു.
2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സഹറൻപൂരിൽ നിന്ന് മത്സരിച്ചുവെങ്കിലും രണ്ട് തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു.
എന്നിരുന്നാലും, മസൂദിന് അദ്ദേഹം മത്സരിച്ച മണ്ഡലങ്ങളിൽ അത്യാവശ്യം നല്ല ജനപിന്തുണയുണ്ട്.
2014ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മസൂദിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്.
താൻ ഒരിക്കലും മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
2020ൽ അന്തരിച്ച സഹറൻപൂരിൽ നിന്ന് അഞ്ചു തവണ കോണ്ഗ്രസ് ലോക്സഭാ എംപിയായ റാഷിദ് മസൂദിന്റെ അനന്തരവനാണ് ഇമ്രാൻ മസൂദ്.
നോട്ടം മന്ത്രിസ്ഥാനത്ത്
ബിജെപിയോ സമാജ് വാദി പാർട്ടിയോ ആയിരിക്കും യുപിയിൽ അധികാരത്തിൽ വരികയെന്ന് മസൂദ് മനസിലാക്കിയതോടെയാണ് ചുവടുമാറ്റം.
നിയമസഭാ തെരഞ്ഞെടുപ്പിൽ മസൂദിന് എസ്പി ജയസാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. എസ്പി അധികാരത്തിൽ വന്നാൽ മന്ത്രി സ്ഥാനത്തേക്കും മസൂദിനെ പരിഗണിച്ചേക്കും.
അതേസമയം, കോൺഗ്രസിന് ഒരിക്കലും അധികാരത്തിൽ വരാനുള്ള ശേഷി ഇല്ലായെന്നും അദ്ദേഹം തിരിച്ചറിയുന്നു.
കോൺഗ്രസ് എസ്പിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന പക്ഷക്കാരനായിരുന്നു മസൂദ്.
എന്നാൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ തന്റെ രാഷ്ട്രീയ ഭാവി മുന്നിൽ കണ്ട് മസൂദിന് മറുകണ്ടം ചാടേണ്ടി വന്നിരിക്കുകയാണ്.