പിറവം: മണീട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിൽ തമ്മിലടി ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലിരിക്കുന്ന ബാങ്കിന്റെ തെരഞ്ഞെടുപ്പ് ഒക്ടോബർ ആറിനാണ് നടക്കുന്നത്. ജില്ലയിൽ വർഷങ്ങളായി കോണ്‍ഗ്രസ് ഭരണം നടത്തുന്ന സഹകരണ ബാങ്കാണ് മണീടിലേത്.
അഴിമതി ആരോപണങ്ങളെ തുടർന്നാണ് ഏതാനും മാസം മുന്‍പ് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്. ജില്ലാ ജോയിന്റ് രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്. ലക്ഷങ്ങളുടെ ക്രമക്കേടുകൾ ഇവിടെ നടന്നിട്ടുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. നിരവധി വായ്പകൾ അനധികൃതമായി നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ഒരു ഭൂമിയുടെ പേരിൽ പല വായ്പകളും കരസ്ഥമാക്കിയിരുന്നു. ബിനാമികളുടെ പേരിലും ലക്ഷങ്ങളുടെ വായ്പകളാണ് തിരിമറി നടത്തിയിരുന്നതെന്ന് സിപിഎം ആരോപിക്കുന്നു.
ഇതു സംബന്ധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസുകാർ തന്നെ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ കഴിഞ്ഞ ദിവസം മണീടിൽ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മറ്റി യോഗം ചേർന്നിരുന്നു. ബാങ്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഉപസമിതി രൂപീകരിച്ചതാണ് യോഗത്തിൽ തർക്കത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ പാനൽ വയ്ക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നാരോപിച്ചാണ് ബഹളമുണ്ടായത്. അഴിമതിക്കാരെ മാറ്റി നിർത്തിക്കൊണ്ടുള്ള പാനൽ യോഗത്തിൽവച്ച് തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
വർഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ഭരണം നഷ്ടപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്. സിപിഎം ഇത് മുതലെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുമുണ്ട്. ബാങ്കിൽ നടന്ന അഴിമതി തുറന്നുകാണിച്ചുകൊണ്ടുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസുകാരുടെ തമ്മിലടിമൂലം ബാങ്ക് ഭരണം നഷ്ടപ്പെടുമോയെന്നുള്ള ആശങ്കയും ഒരു വിഭാഗം പ്രവർത്തകർക്കുണ്ട്. പ്രശ്നത്തിൽ കോണ്‍ഗ്രസിന്റെ ജില്ലാ കമ്മറ്റി ഇടപെടാത്തതാണ് രൂക്ഷമാകാൻ കാരമായിരിക്കുന്നതെന്ന് പറയുന്നു.