തിരുവനന്തപുരം: കെ. മുരളീധരനും രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണെന്നും അധ്യക്ഷ പദവിയുടെ അധികാരം പോലും പ്രയോഗിക്കാൻ കഴിയാത്ത ഗതികേടിലാണ് കെ. സുധാകരനെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കോൺഗ്രസ് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയിലാണ്. പി.വി.അൻവറുമായി ചർച്ചയും ഡീലും നടത്തേണ്ട ഗതികേടിലേക്ക് കോൺഗ്രസ് എത്തി. ചേലക്കര എൽഡിഎഫിനും പാലക്കാട് യുഡിഎഫിനുമൊപ്പമെന്ന ഡീൽ പൊളിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിൽ ഒരാൾക്കു വേണ്ടിയാണു സ്ഥാനാർഥിയെ തീരുമാനിച്ചത്. ബിജെപിയുടെ രീതി അങ്ങനല്ല. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു ആത്മവിശ്വാസത്തോടെയാണ് ബിജെപി മുന്നോട്ടു പോകുന്നത്. കെ. മുരളീധരന് കോൺഗ്രസിൽ നിന്ന് ഇനിയൊരു അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിക്കാനാവില്ല. വടകരയിൽ കോൺഗ്രസ് കെ .മുരളീധരനെ ചതിച്ചതാണ്- കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
അൻവറിനോട് ബിജെപിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അൻവർ ചോദിക്കുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രസക്തമാണ്. കെപിസിസി പ്രസിഡന്റ് ് ഇതുവരെ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല. കോൺഗ്രസിനുള്ളിൽ കെ.സുധാകരൻ പോലും സംതൃപ്തനല്ല- സുരേന്ദ്രൻ പറയുന്നു. മാഫിയ ഗ്രൂപ്പുകളുടെ ഐക്യപ്പെടലാണ് കോൺഗ്രസിൽ നടക്കുന്നതെന്നും നല്ല കോൺഗ്രസുക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീലുകൾക്കെതിരേ ശക്തമായ താക്കീതു ജനങ്ങൾ നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയിൽ അഭിപ്രായ വ്യത്യാസമെന്നത് ചിലരുടെ വ്യാജസ്വപ്നമാണ്. തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളായി പല പേരുകളും വരും. കേന്ദ്ര കമ്മിറ്റിയാണ് ഒറ്റ പേരിൽ എത്തുന്നത്. പാലക്കാട് തീരുമാനം വന്നതോടെ മറ്റു ചർച്ചകൾ ഇല്ലാതായെന്ന് അദ്ദേഹം വ്യക്തമാക്കി.