എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നതോടെ കോൺഗ്രസിൽ തുടരുന്നതു സമാനതകളില്ലാത്ത പ്രതിഷേധം.
മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് സീറ്റ് കിട്ടാത്തതിൽ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചതിനു പിന്നാലെ മറ്റു പലേടങ്ങളിലും പ്രതിഷേധം തുടരുകയാണ്.
കോൺഗ്രസിൽ വനിതകൾക്കു സീറ്റും സംരക്ഷണവും ഉണ്ടാകില്ലെന്ന പ്രചാരണം ലതിക സുഭാഷിന്റെ ഇന്നലത്തെ പ്രവൃത്തിയോടെ മറ്റു കക്ഷികൾ ആയുധമാക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ച് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ലതിക നൽകുന്ന സൂചന.
തന്നെ അനുകൂലിക്കുന്നവരുടെ യോഗം ലതിക വിളിച്ചു കൂട്ടിയിട്ടുണ്ട്. സമവായ സാധ്യത ഇനി ഇല്ലെന്നു ലതിക മാധ്യമങ്ങളോടു പ്രതികരിച്ചു.
കടുത്ത ആരോപണം
ലതിക സുഭാഷിന് പുറമേ തലസ്ഥാനത്തെ മുതിർന്ന വനിതാ നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ രമണി.പി.നായർ സെക്രട്ടറി സ്ഥാനം രാജിവച്ചു. സീറ്റ് നൽകാമെന്ന് പറഞ്ഞിട്ട് അവസാനം പേരു വെട്ടിയതു രമേശ് ചെന്നിത്തലയാണെന്നും രമണി.പി.നായർ മാധ്യമങ്ങളോടു പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ അടുപ്പക്കാരനെ സ്ഥാനാർഥിയാക്കാൻ വേണ്ടിയാണ് തന്റെ പേരുവെട്ടിയതെന്ന് ഇന്നലെ രമണ ആരോപിച്ചിരുന്നു.
ആറിടത്ത്
ആറു സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് ഇന്നു നടത്തും. വട്ടിയൂർക്കാവ്, നിലന്പൂർ, കൽപ്പറ്റ, കുണ്ടറ, പട്ടാന്പി, തവന്നൂർ എന്നീ മണ്ഡലങ്ങളിലെയാണ് പ്രഖ്യാപിക്കാനുള്ളത്. വട്ടിയൂർക്കാവിലേക്ക് പി.സി വിഷ്ണുനാഥിനെയാണ് പരിഗണിക്കുന്നത്.
കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ടെന്നു പറഞ്ഞു വട്ടിയൂർക്കാവിൽ പ്രതിഷേധം നടക്കുകയാണ്. കുണ്ടറയിൽ കല്ലട രമേശിനെയാണ് പരിഗണിക്കുന്നത്. കൽപ്പറ്റയിൽ ടി.സിദ്ധിഖിനാണ് സാധ്യത. വയനാട് ജില്ലയിൽ തർക്കം തുടരുന്ന നിലന്പൂരിൽ പി.വി പ്രകാശും ആര്യാടൻ ഷൗക്കത്തും തമ്മിൽ വടംവലി തുടരുകയാണ്.
ആര്യാടൻ ഷൗക്കത്തിനെ അനുനയിപ്പിച്ച് പട്ടാന്പി സീറ്റ് നൽകാനുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. തവന്നൂരിൽ റിയാസ് മുക്കോളി സ്ഥാനാർഥിയാകാനുള്ള സാധ്യത ഉണ്ട്.
ഹൈക്കമാൻഡിന് അതൃപ്തി
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ ഹൈക്കമാൻഡിനു കടുത്ത അതൃപ്തിയാണ്. സംസ്ഥാനത്തെ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന നേതൃത്വത്തിനു കടുത്ത വീഴ്ചയുണ്ടായെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അർഹതപ്പെട്ടവർക്കു സീറ്റ് നൽകാതെ ഗ്രൂപ്പ് വീതംവയ്പ്പാണ് നടന്നതെന്നാണ് മുതിർന്ന നേതാവ് വി.എം സുധീരൻ കുറ്റപ്പെടുത്തിയത്.
മഹിളാ കോൺഗ്രസിനുള്ളിൽ ശക്തമായ പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്നു മഹിളാ കോൺഗ്രസ് വിട്ടു നിൽക്കുമെന്നാണ് ഭീഷണി. കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയും സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇക്കാര്യം പരസ്യമായി ഐഎൻടിയുസിയുടെ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐഎൻടിയുസിയിൽ നിന്ന് ഒരാളെപ്പോലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താത്തിൽ ആർ.ചന്ദ്രശേഖരൻ ഹൈക്കമാൻഡിനെ പരാതി അറിയിച്ചിട്ടുണ്ട്.
നേമം സീറ്റിന്റെ പേരിൽ നടന്ന ചർച്ചകൾക്കിടെ മറ്റു മണ്ഡലങ്ങളിലുണ്ടാകാനിടയുള്ള പ്രശ്നങ്ങളെ ശ്രദ്ധിക്കാതെ പോയതാണ് പ്രശ്നം വഷളാക്കിയത്. ഇക്കാര്യം നേമത്തെ സ്ഥാനാർഥിയായ കെ.മുരളീധരൻ തന്നെ ഇന്നലെ പരസ്യമായി പറഞ്ഞിരുന്നു.
ഇരിക്കൂർ പുകയുന്നു
വർഷങ്ങളായി എ ഗ്രൂപ്പ് മത്സരിക്കുന്ന ഇരിക്കൂർ സീറ്റ് എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതിൽ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സോണി സെബാസ്റ്റ്യനെ സ്ഥാനാർഥിയാക്കണമെന്നു നിലവിലെ എംഎൽഎയായ കെ.സി. ജോസഫ് ആവശ്യപ്പെട്ടെങ്കിലും ഐ ഗ്രൂപ്പിലെ സജീവ് ജോസഫിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ പ്രതിഷേധിച്ചു സോണി കെപിസിസി സെക്രട്ടറി സ്ഥാനം രാജി വച്ചു.കൂടെയുള്ളവരും പാർട്ടി സ്ഥാനങ്ങൾ രാജി വച്ചിട്ടുണ്ട്. തന്റെ നോമിനിയെ സ്ഥാനാർഥിയാക്കാത്തതിൽ കെ.സി ജോസഫ് കടുത്ത പ്രതിഷേധത്തിലാണ്. കണ്ണൂരിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് എ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ഇടുക്കിയിലും
ഇടുക്കിയിൽ പീരുമേട് സീറ്റ് ലഭിക്കാത്തതിൽ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് പ്രതിഷേധത്തിലാണ്. റോയി.കെ.പൗലോസിനെ അനുകൂലിക്കുന്നവർ സ്ഥാനങ്ങൾ രാജി വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇടതുപക്ഷം പത്രികാ സമർപ്പണവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ പോയപ്പോൾ കോൺഗ്രസിന് അന്തിമ സ്ഥാനാർഥി പട്ടിക പോലും ഇതുവരെ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് വലിയ പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വച്ചു പുലർത്തുന്നത്.
ഇടതുപക്ഷത്തിന് തലവേദനയായതു കുറ്റ്യാടി സീറ്റാണ്. ആ സീറ്റ് കേരളാ കോൺഗ്രസ് എം സിപിഎമ്മിന് വിട്ടു നൽകിയതോടെ എൽഡിഎഫിലെ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങി. ഇവിടെ ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് എ.എ റഹീമോ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററോ ടി.പി ബിനീഷോ സ്ഥാനാർഥിയാകാനാണ് സാധ്യത.
ബിജെപിയിൽ
ബിജെപിയിലും പല സീറ്റുകൾ സംബന്ധിച്ചും തർക്കം തുടരുകയാണ്. ശോഭാ സുരേന്ദ്രന് സീറ്റ് ലഭിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. 112 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയാണ് പുറത്തുവിട്ടത്. ന്യുമോണിയ ബാധിച്ചു ചികിത്സയിലായതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മത്സരരംഗത്തു തുടരുകയുള്ളുവെന്ന് തൃശൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.