റെനീഷ് മാത്യു
കണ്ണൂർ: സംഘടനാ പ്രവർത്തനത്തിൽ കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ചയെന്ന് പരാതി. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി ജില്ലയിലെ ഒരു വിഭാഗം കെപിസിസി, എഐസിസി നേതൃത്വങ്ങളെ സമീപിച്ചു. കെപിസിസിയുടെ കോൺഗ്രസ് സംഘടനാ അവലോകന റിപ്പോർട്ടിൽ കണ്ണൂരിൽ കോൺഗ്രസിന് വേണ്ടത്ര മുന്നേറാൻ സാധിക്കുന്നില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ സജീവമാക്കാൻ സംഘടിപ്പിച്ച പല പരിപാടികളിലും കണ്ണൂർ പിന്നിലെന്നും കണ്ടെത്തി.
കോൺഗ്രസ് നടത്തിയ മെന്പർഷിപ്പ് കാന്പയിനിൽ കണ്ണൂർ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലായി. 11 നിയോജക മണ്ഡലങ്ങളുള്ള കണ്ണൂരിൽ ഏകദേശം ഒന്നരലക്ഷം മെന്പർമാരെ മാത്രമേ ചേർക്കാൻ സാധിച്ചുള്ളൂ. കണ്ണൂരിലെ കോൺഗ്രസിന്റെ ഔദ്യോഗികപക്ഷത്തിന്റെ നേതാവ് അഞ്ചുലക്ഷം പേരെ ചേർക്കുമെന്ന്എഐസിസി നേതാക്കൾക്ക് ഉറപ്പ് നല്കിയിരുന്നു.
മൂന്ന് നിയോജക മണ്ഡലങ്ങൾ മാത്രമുള്ള വയനാട്ടിൽ പോലും കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെങ്കിലും കണ്ണൂരിൽ സാധിച്ചില്ല. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയുടെ ഭാഗമായുള്ള ഒപ്പ് ശേഖരണത്തിലും കണ്ണൂരിൽ നിന്നും വേണ്ടത്ര പങ്കാളിത്തം ഉണ്ടാക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. കോൺഗ്രസ് കുടുംബസംഗമങ്ങൾ മറ്റ് ജില്ലയിൽ പൂർത്തിയായപ്പോഴും കണ്ണൂരിൽ വളരെ കുറച്ച് കുടുംബസംഗമങ്ങൾ മാത്രമാണ് പൂർത്തിയായത്.
സ്വന്തമായി ഡിസിസിക്ക് കെട്ടിടം ഇല്ലാത്ത ഏക ജില്ല കണ്ണൂരാണ്. ഡിസിസി കെട്ടിടത്തിന്റെ നിർമാണം അന്തമായി നീളുന്നതും കെപിസിസി നേതാക്കളിൽ നേതൃത്വത്തെക്കുറിച്ച് വിമർശനം സൃഷ്ടിച്ചിട്ടുണ്ട്. കെ. സുധാകരനെ പോലെ പരിചയ സന്പന്നനായ നേതാവിന് എന്തുകൊണ്ട് കണ്ണൂരിൽ കോൺഗ്രസിന് മുന്നേറാനുള്ള അനുകൂല സാഹചര്യമുണ്ടാക്കാൻ സാധിക്കുന്നില്ലെന്നും കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചയാകുന്നുണ്ട്.
കണ്ണൂരിൽ ഔദ്യോഗികപക്ഷം തന്നെ വിഭാഗീയത വളർത്താൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിനെതിരേയുള്ള വിമർശനങ്ങൾക്കിടയിലും കോൺഗ്രസിന്റെ ജന്മദിനാഘോഷം വൻപങ്കാളിത്തതോടെ സംഘടിപ്പിച്ചതിൽ ഡിസിസി നേതൃത്വം അഭിനന്ദനം അർഹിക്കുന്നു എന്നും വിലയിരുത്തുന്നു.
എന്നാൽ കോൺഗ്രസിന്റെ സംഘടനാപരിഷ്കാരം ആദ്യം കണ്ണൂരിൽ നടപ്പിലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് യോഗം ഇന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ അധ്യക്ഷതയിൽ ചേരുന്നുണ്ട്. നിലവിലുള്ള ജംബോ കമ്മിറ്റികൾ ഇല്ലാതാക്കുന്നതാണ് പരിഷ്കാരങ്ങളിൽ ഒന്ന്. കൂടാതെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ വലിപ്പം കുറയ്ക്കുക, ഭാരവാഹികൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നല്കുക, നിർജീവമായ മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുക, പ്രവർത്തിക്കാത്ത ഭാരവാഹികളെ മാറ്റുക തുടങ്ങിയ പരിഷ്കാരങ്ങൾക്കും തുടക്കമിടുന്നുണ്ട്.
നിലവിൽ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ 40 , 30 അംഗങ്ങളാണുള്ളത്. ഗ്രൂപ്പുകളെ പിണക്കാതിരിക്കുന്നതിനാണ് ജംബോകമ്മിറ്റികൾ നിയമിക്കുന്നത്. കമ്മിറ്റികളിൽ വേണ്ടത്ര ആളുകൾ ഉണ്ടായിട്ടും സംഘടനാ പ്രവർത്തനം നടക്കുന്നില്ലെന്നുമാണ് വിമർശനം. എന്നാൽ കമ്മിറ്റികൾക്കെതിരേ നേരിട്ട് നടപടികൾ എടുക്കേണ്ടന്നാണ് ഒരു വിഭാഗം പറയുന്നത്.