തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് റിബൽ സ്ഥാനാർഥി ഔദ്യോഗിക പക്ഷത്തിന് ഭീഷണിയാകുന്നു. കോൺഗ്രസ് തളിപ്പറന്പ് മണ്ഡലം സെക്രട്ടറിയും എ വിഭാഗക്കാരനുമായ അഡ്വ. വിനോദ് രാഘവനാണ് നേതൃത്വത്തെ വെല്ലുവിളിച്ച് മത്സര രംഗത്തുള്ളത്.
അതിനിടെ ഡിസിസി നേതൃത്വവും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഇടപെട്ടിട്ടും പിൻമാറാതിരുന്ന വിനോദിനെതിരേ പാർട്ടി നടപടി എടുത്തേക്കുമെന്നും സൂചനയുണ്ട്. ഒക്ടോബര്‍ 14 ന് സീതീസാഹിബ് ഹൈസ്കൂളിലാണ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്. 15 വര്‍ഷത്തിന് ശേഷമാണ് ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് എ ഗ്രൂപ്പിലെ വലിയൊരുവിഭാഗം വിനോദ് രാഘവന് പിന്തുണയുമായി രംഗത്തുവന്നത്. 15 വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റ് സ്ഥാനത്തു തുടര്‍ന്നുവരുന്ന കല്ലിങ്കീല്‍ പത്മനാഭന് മാറിനില്‍ക്കണമെന്ന നിര്‍ദ്ദേശവുമായി തുടക്കംമുതല്‍ തന്നെ വിനോദ് രാഘവൻ രംഗത്തുണ്ടായിരുന്നു.
ബാങ്ക് കെട്ടിട നിർമാണത്തിൽ ക്രമക്കേട് നടന്നാതും നിയമനത്തില്‍ ഹൈക്കോടതി വിധി നിരാകരിച്ചെന്നുമുള്ള വിമർശനം ഉന്നയിച്ചിരുന്ന വിനോദിന് എ വിഭാഗക്കാരുടെ വലിയ പിന്തുണയുണ്ട്.