ബംഗളുരു: കർണാടകയിലെ ജെഡിഎസ്-കോണ്ഗ്രസ് സഖ്യസർക്കാർ ജൂണ് പത്തിനപ്പുറം അതിജീവിക്കില്ലെന്ന് മുതിർന്ന കോണ്ഗ്രസ് നേതവ് കെ.എൻ. രാജണ്ണ. ഉപമുഖ്യമന്ത്രി ജി. പരമേശ്വര റാവുവിനെതിരേയും രാജണ്ണ രൂക്ഷ വിമർശനമുയർത്തി.
ഈ സർക്കാർ ഇപ്പോഴേ തകർന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാൽ പിന്നെ ബിജെപി ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈ സർക്കാർ അങ്ങേയറ്റം ജൂണ് 10 കടക്കില്ല- രാജണ്ണ പറഞ്ഞു.
വിമത കോണ്ഗ്രസ് എംഎൽഎ രമേശ് ജാർഖിഹോളി അടുത്തിടെ ബിജെപി ക്യാന്പിൽ എത്തിയിരുന്നു. ബിജെപിയിൽ ചേർന്ന മുൻ കോണ്ഗ്രസ് എംഎൽഎമാരായ സി.പി. യോഗേശ്വർ, മല്ലികയ്യ ഗുട്ടേദാർ എന്നിവരും കൂടെയുണ്ടായിരുന്നു.
സഖ്യസർക്കാറിൽ അസംതൃപ്തിയുള്ള എംഎൽഎമാരെ രമേശ് ജാർഖിഹോളിയുടെ നേതൃത്വത്തിൽ ഗോവയിലേക്ക് മാറ്റാനാണു പദ്ധതി. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർട്ട് അഗ്വാഡയിൽ 30 മുറികൾ ബുക്ക് ചെയ്തതായും സൂചനയുണ്ട്.