ന്യൂഡൽഹി: കാഷ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കഴിയാതെ കോൺഗ്രസ്. കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു വാക്കുപോലും ഇന്നലെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ട്വിറ്റർ വഴിയോ മാധ്യമങ്ങളെ കണ്ടോ അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം പാർലമെന്റിൽ അമിത് ഷാ നടത്തിയപ്പോള് മുതൽ എന്തുചെയ്യണമെന്ന് നിശ്ചയമില്ലാത്ത രീതിയിലായിരുന്നു കോൺഗ്രസിന്റെ പ്രകടനം.
ഒരു വിഭാഗം ബില്ലിനെ അനുകൂലിച്ചപ്പോൾ പ്രതിപക്ഷത്തുനിന്നുള്ള പിന്തുണയും ബില്ലിന് ലഭിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് കോൺഗ്രസിന്റെ തയാറെടുപ്പില്ലായ്മയാണ്.
കോൺഗ്രസ് നേതൃത്വം നയം വ്യക്തമാക്കാത്ത സാഹചര്യത്തിൽ നേതാക്കന്മാർ അവരവർക്ക് ഇഷ്ടമുള്ളതുപോലെയാണ് ഇപ്പോൾ പ്രതികരിക്കുന്നത്. എംപിമാരുടെ യോഗം വിളിക്കാൻ താനിപ്പോൾ പ്രസിഡന്റല്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ന് ബിൽ ലോക്സഭയിൽ വരുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
ബില്ലിനോട് എന്തു നിലപാട് സ്വീകരിക്കണം എന്നറിയിക്കാനാണ് സോണിയ യോഗം വിളിച്ചത്. ഇന്നലെ രാജ്യസഭയിൽ ബില്ലിനെ തുറന്നെതിർത്ത സാഹചര്യത്തിൽ സമാന നിലപാട് സ്വീകരിക്കാണ് കോണ്ഗ്രസ് ഉദ്ദേശിക്കുന്നത്.
എന്നാൽ ബില്ലിനെ അനുകൂലിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അതേസമയം കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് കോണ്ഗ്രസ് നേതാവ് ജനാർദനൻ ദ്വിവേദി രംഗത്ത് എത്തി. തന്റെ ഗുരുവായ രാം മനോഹർ ലോഹ്യ കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370-ന് എതിരായിരുന്നു. ഞങ്ങളോട് അദ്ദേഹം ഇതിനെകുറിച്ച് സംസാരിച്ചു. തന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ ഇത് ദേശീയ താത്പര്യത്തിന് അനുകൂലമാണെന്നും ദ്വിവേദി പ്രതികരിച്ചു .
സ്വാതന്ത്ര്യത്തിനു ശേഷം സംഭവിച്ച ഒരു മണ്ടത്തരം വൈകിയെങ്കിലും തിരുത്തപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ദ്വിവേദി പാർട്ടിയുടെ പേരിലല്ല താൻ സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.