പയ്യന്നൂര്‍: പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതൃത്വ സ്ഥാനങ്ങളില്‍ ഐ ഗ്രൂപ്പിനെയും സുധാകരന് ഗ്രൂപ്പിനെയും തഴയുന്നതില്‍ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പ് ശക്തമായി.
എല്ലാ താക്കോല്‍ സ്ഥാനങ്ങളും എ ഗ്രൂപ്പ് കൈയടക്കി വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ സമാന്തര യോഗം. യോഗത്തില്‍ സദ്ഭാവന എന്ന പേരില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു.
ഡിസിസി സെക്രട്ടറി ഏ.പി.നാരായണന്, ബ്ലോക്ക് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ഏ. രൂപേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പിലാക്കല്‍ അശോകന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ സമാന്തര യോഗം ചേര്‍ന്നത്.
ഐ ഗ്രൂപ്പിലേയും സുധാകരന് ഗ്രൂപ്പിലേയും പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും മണ്ഡലം കമ്മിറ്റി വിഭജനത്തിലും തുടങ്ങിയ എ, ഐ ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നത്.
പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മൂന്നായി വിഭജിക്കുമ്പോള്‍ അതില്‍ ഒന്നു പോലും ഐ ഗ്രൂപ്പിന് നല്‍കാതെ മൂന്നും എ ഗ്രൂപ്പ് എടുക്കുകയായിരുന്നു എന്നാണ് ഐ ഗ്രൂപ്പുകാരുടെ ആക്ഷേപം.
കോണ്‍ഗ്രസിന് ആറംഗങ്ങള്‍ ഉള്ള പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലില്‍ രണ്ടംഗങ്ങള്‍ മാത്രമെ എ ഗ്രൂപ്പിന് ഉള്ളു. എന്നാല്‍ നാലംഗങ്ങള്‍ ഉള്ള ഐ ഗ്രൂപ്പിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതെ അതും എ ഗ്രൂപ്പ് പിടിച്ചടക്കിയെന്നും യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും എ ഗ്രൂപ്പ് പിടിച്ചടക്കിയിരിക്കുകയാണെന്നുമാണ് ഇവരുടെ ആക്ഷേപം.
ഇതില്‍ ശക്തമായ പ്രതിഷേധമാണ് ഇന്നലെ നടന്ന സമാന്തര യോഗത്തിലുണ്ടായത്. സംഘടന പ്രവര്‍ത്തന രംഗത്ത് കഴിവും പ്രാപ്തിയുമുള്ള മുഴുവന്‍ പേരും ഐ ഗ്രൂപ്പിന് ഒപ്പമാണെന്നും എ ഗ്രൂപ്പിന്റെ ഈ അപ്രമാദിത്വം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് യോഗത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടായത്.
എ ഗ്രൂപ്പ് തട്ടിയെടുത്ത പയ്യന്നൂര്‍ നഗരസഭ പ്രതിപക്ഷ നേതൃസ്ഥാനവും മൂന്ന് മണ്ഡലം കമ്മിറ്റികളില്‍ നിന്ന് പയ്യന്നൂരോ വെള്ളൂരോ വേണമെന്നുമാണ് യോഗത്തിലെ തീരുമാനം.
ഇതംഗീകരിക്കാന്‍ പയ്യന്നൂരിലെ യുഡിഎഫ് നേതൃത്വം തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സദ്ഭാവന എന്ന പേരില്‍ മുന്ന് വില്ലേജ്തല കമ്മറ്റികളും നിയോജക മണ്ഡലം കമ്മിറ്റിയുമാണ് രൂപീകരിച്ചത്.