കണ്ണൂർ: യുവനേതാക്കളെ ആക്രമിക്കുന്ന സിപിഎം ഭീകരതയ്ക്കെതിരേ ഡിസിസിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം നാലിന് കണ്ണൂർ സ്റ്റേഡിയം കോർണറിലാണ് പ്രതിഷേധ കൂട്ടായ്മ.
ജില്ലയുടെ പല ഭാഗങ്ങളിലും സിപിഎം ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെയും അവർ താമസിക്കുന്ന വീടും ആക്രമിച്ച് തകർക്കുന്ന ഭീകരാവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റുമായ സജയ് റെന്നിയെയും യൂണിറ്റ് സെക്രട്ടറി അലക്സിനെയും വീട്ടിൽ കയറി അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തു.
കോളയാട് പഞ്ചായത്തിലെ പുത്തലത്ത് താമസിക്കുന്ന കൂപ്പിൽ പുത്തൻവീട് അനിയൻകുഞ്ഞിന്റെ മകനായ അലക്സിന്റെ വീട്ടിൽ സഹോദരിയുടെ ഒൻപത് മാസം പ്രായമുള്ള പിഞ്ചുകുട്ടിയെപ്പോലും അക്രമിക്കുന്ന തരത്തിലേക്ക് സിപിഎം ഭീകരത വളർന്നിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് നേതാവ് പേരാവൂർ നിയോജകമണ്ഡലം സെക്രട്ടറി പായം കരിയാലിലെ പുള്ളിയാനിക്കാട്ടിൽ ജിജോയെ സിപിഎം ഗുണ്ടാസംഘം ഭീകരമായി വെട്ടിപരിക്കേൽപ്പിച്ചു.
ഭരണത്തിന്റെ തണലിൽ സിപിഎം ക്രിമിനൽ സംഘം ജില്ലയിൽ വ്യാപകമായി അക്രമങ്ങൾ അഴിച്ച് വിടുന്നത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്എസ്എഫ്ഐയുടെ ഭാരവാഹികളായ വിദ്യാർഥികൾ അക്രമിക്കപ്പെട്ടെന്നും കത്തികുത്തേറ്റെന്നുമുള്ള വ്യാജ പ്രചാരണം നടത്തി കെഎസ്യു നേതാക്കളെ കേസിൽ പ്രതികളാക്കാനുള്ള ശ്രമവും നടത്തുകയാണ്. കുത്തിയവനും കുത്തേറ്റവനും മാത്രം അറിയുന്ന രഹസ്യമായ അക്രമ പദ്ധതിയുടെ സൂത്രധാരൻമാരെ പുറത്ത് കൊണ്ട് വരാൻ പോലീസ് സമഗ്ര അന്വേഷണം നടത്തണം.
കെഎസ്യു ഭാരവാഹികൾക്കെതിരെ മൊഴി കൊടുത്ത പരിക്കേറ്റുവെന്ന് പറയപ്പെടുന്ന വിദ്യാർഥിയെ പോലീസ് ചോദ്യം ചെയ്യണം. ഒരു ഭാഗത്ത് കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ ഭീകരമായി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്ന സിപിഎം ക്രിമിനൽ സംഘം അവർക്ക് രാഷ്ട്രീയ സ്വാധീനം കുറവുള്ള സ്കൂളുകളിൽ എസ്എഫ്ഐക്കാരെ അക്രമിച്ചെന്ന വ്യാജ കഥയുണ്ടാക്കി കെഎസ്യു നേതാക്കൾക്കെതിരെ കേസെടുപ്പിക്കാനും പരിശ്രമിക്കുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സിപിഎം ക്രിമിനൽ സംഘത്തിന്റെ ഭീകരതക്കെതിരെ പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നില്ല. കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും സതീശൻ പാച്ചേനി പറഞ്ഞു.കോൺഗ്രസ് നേതാക്കളായ എം.പി.മുരളി, സുരേഷ് ബാബു എളയാവൂർ, കെഎസ്യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ അറിയിച്ചു.