കോട്ടയം: കോണ്‍ഗ്രസിൽ സമഗ്രമാറ്റം വരുന്നതോടെ ജില്ലയിലും നേതൃത്വം മാറിയേക്കും. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പുതിയ നേതാവാക്കിയതോടെയാണു ജില്ലയിലും മാറ്റത്തിന് വഴി തുറന്നത്.
ജില്ലിലെ വിവിധ കമ്മിറ്റികൾ പുനസംഘടിപ്പിച്ചേക്കും. പുതിയ കെപിസിസി പ്രസിഡന്റിനെ അടുത്തമാസം ആദ്യം പ്രഖ്യാപിക്കുന്നതോടെ ജില്ലാ കമ്മിറ്റികളിലും പുതിയ മുഖങ്ങൾ എത്തും.
തലമുറ മാറ്റത്തിലൂടെ ശക്തനായ ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തികാട്ടാൻ ആരുമില്ലെന്നുള്ളതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി.
ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ലെന്നും ഗ്രൂപ്പ് ആവശ്യമാണെന്നും പറയുന്ന നേതാക്കൾ തലമുറ മാറ്റത്തിനായുള്ള ചർച്ചകൾക്കും തുടക്കമിട്ടു കഴിഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ആളുകൾ ഡിസിസി പ്രസിഡന്റായി വരുന്ന കാഴ്ചയാണ് കുറെ നാളുകളായി ജില്ലയിലുള്ളത്.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതും ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയമുണ്ടായതിനെത്തുടർന്നും ഗ്രൂപ്പിനതീതമായി പുതിയ ആളുകൾ എത്തണമെന്ന ആവശ്യം ഇത്തവണ ശക്തമായിട്ടുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെ മാറ്റം സംസ്ഥാനതലത്തിൽ നടപ്പാക്കിയാൽ നിലവിലെ ജില്ലാ പ്രസിഡന്റും മാറാനാണ് സാധ്യത. എ ഗ്രൂപ്പിന്റെ വിശ്വസ്തനായ ജോഷി ഫിലിപ്പ് മാറിയാൽ ഫിൽസണ്‍ മാത്യൂസിനെ പ്രസിഡന്റാക്കാനാണ് ഉമ്മൻചാണ്ടിയുടെ നീക്കം.
അല്ലെങ്കിൽ ഇത്തവണ മത്സരിക്കാതിരുന്ന കെ.സി. ജോസഫിനെ പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും അവരോധിക്കാനും ശ്രമമുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിനുള്ളിൽ അഭിപ്രായ വ്യത്യാസവുമായി തിരുവഞ്ചൂർ രാധാകൃഷ്ണനുണ്ട്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ശക്തമാണ്. യൂജിൻ ജോസഫ്, സിബി കൊല്ലാട്, എം.പി. സന്തോഷ്കുമാർ എന്നിവരെയാണു തിരുവഞ്ചൂർ മുന്നോട്ടു വയ്ക്കുന്നത്.
കാലാകാലങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനം തങ്ങൾക്കുവേണമെന്ന അവകാശവാദം ഐ ഗ്രൂപ്പും ഉയർത്തി കഴിഞ്ഞു. ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം എന്നിവരാണ് പ്രസിഡന്റ് സ്ഥാനം നോക്കി കരുക്കൾ നീക്കുന്നത്.
ഐഎൻടിയുസി പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനമാണ് ഫിലിപ്പിനു ഗുണമാകുന്നത്. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ജോസഫ് വാഴയ്ക്കനും സംസ്ഥാന ഭാരവാഹിത്വം ഒഴിഞ്ഞ് ജില്ലാ നേതൃത്വത്തിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
വിശാല ഐ ഗ്രൂപ്പ് നേതാവായി ജോസി സെബാസ്റ്റ്യനും രംഗത്തുണ്ട്. ഗ്രൂപ്പിനതീതമായി പ്രവർത്തകരെ സംഘടിപ്പിക്കാനും പ്രവർത്തനങ്ങൾ മുന്നോട്ടുപോകാനും കഴിവുള്ള മുൻ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ തിരികെ വിളിക്കണമെന്ന ആവശ്യവും ഉയർന്നുണ്ട്.
ഇതിനിടയിൽ ജാൻസ് കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ വിഭാഗവും ജില്ലയിൽ കരുക്കൾ നീക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയം വിശലകനം ചെയ്യാനായി ചേർന്ന ഡിസിസി യോഗത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശനമുയർന്നിരുന്നു. റിപ്പോർട്ട് കെപിസിസിക്കു കൈമാറിയിരിക്കുകയാണ്.