സ്വന്തം ലേഖകന്‍
കോഴിക്കോട്: അഞ്ചു ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കോൺഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിനുമുമ്പ് വിമതരെ തളയ്ക്കാന്‍ തന്ത്രങ്ങളൊരുക്കി നേതാക്കള്‍.
ഇന്ന് വൈകിട്ട് ആറിന് ചേരുന്ന കേന്ദ്രതെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് ജില്ലാ നേതൃത്വവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്തും.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നിടത്തെ നേതാക്കളുമായി നേരിട്ട് സംവദിച്ച് പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമം തുടരുന്നത്.
സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടവരും അവര്‍ക്കു പിന്നിലുള്ള പ്രവര്‍ത്തകരും കോണ്‍ഗ്രസിനെതിരായി രംഗത്തിറങ്ങുന്നത് തടയുകയെന്നതാണ് പ്രധാന ലക്ഷ്യം.
ഗ്രൂപ്പ് തര്‍ക്കങ്ങളും തമ്മില്‍ പോരും തെരഞ്ഞെടുപ്പില്‍ പ്രകടമായാല്‍ അത് ഭരണ തുടര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്.
പ്രവര്‍ത്തകര്‍ അച്ചടക്കത്തോടെയും ഒരുമയോടെയും ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങിയാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാവുകയുള്ളൂവെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.
തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതരുടെ സാന്നിധ്യവും ഗ്രൂപ്പു തിരിഞ്ഞുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സ്ഥിതി തുടരാന്‍ അനുവദിക്കില്ല. നിലവില്‍ എല്ലാ നിയോജകമണ്ഡലങ്ങളില്നിന്നുമുള്ള പ്രമുഖ നേതാക്കളോട് നേരിട്ടെത്താന്‍ കെപിസിസി നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ടോടെ ഇവരുമായി ചര്‍ച്ച നടത്തി ഓരോ മണ്ഡലങ്ങളിലേയും സ്ഥിതിഗതികള്‍ വിലയിരുത്തും.
അച്ചടക്കലംഘനം നടത്തുന്ന പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വലിയ പ്രതിഷേധമുണ്ടാകുന്ന മണ്ഡലങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി പ്രശനം പരിഹരിക്കും.