കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കായംകുളത്തെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി. കെസി വേണുഗോപാല്‍ ബിജെപിയുടെ രക്ഷകനാണ് എന്ന് ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് പ്രാദേശിക നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. കായംകുളം സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദിലീപ് കുമാറിനാണ് കോണ്‍ഗ്രസ് അംഗത്വം നഷ്ടമായത്.
പാര്‍ട്ടിയുടെ സമുന്നത നേതാവായ കെസി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നോട്ടീസില്‍ ആലപ്പുഴ ഡിസിസി അധ്യക്ഷന്‍ എം ലിജു അറിയിച്ചു. ദിലീപ്കുമാര് അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തി. കെസി വേണുഗോപാലിനെതിരേയുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.