തിരുവല്ല: മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രിട്ടറിയും തിരുവല്ല ബാറിലെ അഭിഭാഷകയുമായ വിബിത ബാബുവിനും പിതാവിനുമെതിരേ സാമ്പത്തിക തട്ടിപ്പിന് തിരുവല്ല പോലീസ് കേസെടുത്തതിന് പിന്നാലെ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന വിബിതയുടെ പരാതിയിലും കേസെടുത്തു.
യുഎസില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റ്യന്റെ (75) പരാതിയിലാണ് വിബിത ബാബുവിനും പിതാവിനുമെതിരേ കേസ്.
അഭിഭാഷക ഓഫീസിലെത്തിയ മാത്യു തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വിബിതയുടെ പരാതിയിൽ മാത്യു സെബാസ്റ്റ്യനെതിരേയും പോലീസ് കേസെടുത്തു.
മാത്യുവിന്റെ വസ്തുസംബന്ധമായ കേസിന്റെ നടപടികള്‍ക്കാണ് അഭിഭാഷകയെ സമീപിച്ചത്. തുടര്‍ന്ന് അഭിഭാഷകയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് പല തവണയായി 14 ലക്ഷം രൂപയോളം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വിബിത. തെരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ സ്ഥാനാര്‍ഥിയായിരുന്നു വിബിത.
തെരഞ്ഞെടുപ്പു സമയത്താണ് പ്രധാനമായും സാമ്പത്തിക സഹായം തേടിയതെന്ന് മാത്യുവിന്റെ പരാതിയിലുണ്ട്. ഈ സമയം പിതാവിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാനാണ് വിബിത ആവശ്യപ്പെട്ടത്.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കോവിഡ് കാലം കഴിഞ്ഞാല്‍ തരാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഭീഷണിപ്പെടുത്തുകയും പണം തരില്ലെന്നു പറയുകയും ചെയ്തതോടെയാണ് മാത്യു പോലീസിനെ സമീപിച്ചത്.
വിബിതയ്ക്കും പിതാവ് ബാബുവിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍ പറഞ്ഞു. വിബിതയുടെ പരാതിയില്‍ മാത്യുവിനെതിരേയും കേസെടുത്തിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതെന്ന് വിബിത
തനിക്കും പിതാവിനുമെതിരേ നല്‍കിയിട്ടുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വിബിത ബാബു രാഷ്ട്രദീപികയോടു പറഞ്ഞു. ഒരു കോടി രൂപ വിലമതിക്കുന്ന ഒരു വസ്തു ഇടപാട് കോടതിയില്‍ എത്താതെ ഒത്തുതീര്‍പ്പാക്കുന്നതിനുവേണ്ടി പരാതിക്കാരനായ മാത്യു തന്നെ സമീപിച്ചിരുന്നത്.
ഇത് നടത്തി നല്‍കിയതിലുള്ള പ്രതിഫലമായി ലഭിച്ച തുകയുടെ പേരിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിനു പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങള്‍ ഉണ്ടെന്നും ചില തത്പര കക്ഷികള്‍ പരാതിക്കാരനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായും വിബിത ആരോപിച്ചു.
ഇക്കാര്യങ്ങള്‍ പോലീസിനോടു വിശദീകരിച്ചിട്ടുണ്ട്. തനിക്കു നല്‍കിയതായി പറയുന്ന പണത്തിന്റെ ഒരുഭാഗം നിയമോപദേശത്തിനുള്ള പ്രതിഫലമാണ്. ബാക്കി തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന് സ്വയം സന്നദ്ധനായി നല്‍കിയതാണെന്നും പറയുന്നു.