ഡൊമനിക് ജോസഫ്
മാന്നാർ:സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയിൽ ആലപ്പുഴയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം.എഐസിസി യുടെയും കെപിസിസിയുടെയും തലപ്പത്ത് ആലപ്പുഴ ജില്ലയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം ഇപ്പോൾ ശ്രദ്ധേയമായിരിക്കയാണ്.ഒരു ഡസനിലധികം നേതാക്കളാണ് ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഏ.കെ.ആന്റെണി,മറ്റൊരു മുതിർന്ന നേതാവ് വയലാർരവി എന്നിവർ ആലപ്പുഴയുടെ സ്വന്തം തട്ടകത്തിൽ നിന്ന് വളർന്ന് ശ്രദ്ധേയരായവരാണ്.ഏഐസിസി യുടെ സംഘടനാ സെക്രട്ടറിയായ ആലപ്പുഴയുടെ മുൻ എംപി കെ.സി.വേണുഗോപാൽ കണ്ണൂരിൽ നിന്ന് ആലപ്പുഴയിൽ എത്തി ജനപ്രതിനിധിയായി തിളങ്ങിയാണ് കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ അമരക്കാരനായത്.
ഇവർ മൂവരും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നവരാണെങ്കിൽ ആലപ്പുഴ ജില്ലയ്ക്ക് അഭിമാനിക്കാവുന്ന തരത്തിൽ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ജില്ലക്കാരനാണെന്നുള്ളതാണ്. കെപിസിസിയുടെ ആക്ടിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി തിരുവന്തപുരത്ത് നിന്നും ആലപ്പുഴ ജില്ലയിലെ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ നിന്നും തുടർച്ചായായി വിജയിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തിയത്.
കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥും കൊല്ലം ശാസ്താംകോട്ടയിൽന്നും ആലപ്പുഴയിലെ ചെങ്ങന്നൂൂരിൽ എത്തി ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് കഴിവ് തെളിച്ച നേതാവായി മാറിയത്.കെപിസിസിക്ക് ജില്ലയിൽ നിന്ന് നാല് ജനറൽ സെക്രട്ടറിമാരെ കൂടി കിട്ടിയത് ഏറെ നേട്ടമായി.
മുൻ എംഎൽഎ മാരായ എ.എ.ഷുക്കൂർ,എം.മുരളി,ഡി.സുഗതൻ എന്നിവരെ കൂടാതെ കോശി.എം.കോശിയും ജനറൽ സെക്രട്ടറിമാരായി ജില്ലയിൽ കരുത്ത് തെളിയിച്ചു. ഇതൊന്നും കൂടാതെ രണ്ട് സെക്രട്ടറിമാർ കൂടി ജില്ലയിൽ നിന്നുണ്ടാകും.
മുൻ കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ് അടക്കമുള്ള മുതിർന്ന നേതാക്കൾ കൂടാതെ കെപിസിസി നിർവ്വാഹ സമതിയംഗങ്ങളും എഐസിസി അംഗങ്ങളും അടങ്ങുന്ന ഒരു ഡസനോളം നേതാക്കൾ കൂടിയാകുന്പോൾ ആലപ്പുഴ കോണ്‍ഗ്രസ് നേതാക്കളാൽ സന്പുഷ്ടമായ ജില്ലായായി മാറി.