ജോണ്സണ് വേങ്ങത്തടം
കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. വൈകുന്നേരം ആറിനു ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷമാകും പ്രഖ്യാപനം.
എറണാകുളം ജില്ലയില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്കു സീറ്റ് ഉറപ്പായിട്ടുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു സീറ്റില്ലെന്നാണ് അറിയുന്നത്. മൂവാറ്റുപുഴയില്‍ അവസാന റൗണ്ടില്‍ മാത്യു കുഴല്‍നാടന്റെ പേരാണ് മുന്നില്‍ നില്‍ക്കുന്നത്. ജോസഫ് വാഴയ്ക്കനും ഡോളി സെബാസ്റ്റ്യനും പിന്നിലുണ്ട്.
ജോസഫ് വാഴയ്ക്കനെ കാഞ്ഞിരപ്പള്ളിയിലേക്കു മാറ്റാണ് കോണ്‍ഗ്രസിലുള്ള ധാരണ. എന്നാല്‍ പി.ടി. തോമസിനെ പീരുമേട്ടിലേക്കു മാറ്റി വാഴയ്ക്കനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു. ഇതേസമയം പി.ടി. തോമസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വൈറ്റില ഗോൾഡ്സൂക്കിന് സമീപം ഇന്ന് വൈകിട്ട് 5.45ന് എം. ലീലാവതി നിർവഹിക്കും.
കെ.സി. ജോസഫിനുവേണ്ടി കാഞ്ഞിരപ്പള്ളി ഉമ്മന്‍ചാണ്ടി ചോദിക്കുന്നുണ്ടെങ്കിലും മൂവാറ്റുപുഴ വിട്ടുകൊടുക്കേണ്ടിവന്നാല്‍ വാഴയ്ക്കനെ ഇവിടെ പരിഗണിക്കേണ്ടിവരും. മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ തൃപ്പൂണിത്തുറയില്‍ എം. സ്വരാജിനെതിരേ മത്സരിപ്പിച്ചേക്കും. കെ. ബാബുവിനു വേണ്ടി കോണ്‍ഗ്രസ് നേതൃനിര തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ എഐസിസി സര്‍വേഫലം ബാബുവിനു എതിരാണ്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന തൃപ്പൂണിത്തുറ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വരാജിലൂടെ ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു. കെ. ബാബുവിനും കെ.സി. ജോസഫിനും വേണ്ടി ഉമ്മന്‍ചാണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും ഇരുനേതാക്കളും സ്ഥാനാര്‍ഥി പട്ടികയ്ക്ക് പുറത്താകാനാണ് സാധ്യത.
കൊച്ചിയില്‍ ടോണി ചിമ്മിണിക്കാണ് സാധ്യത. വൈപ്പിനില്‍ കെ.പി. ഹരിദാസ്, എം.വി. പോള്‍, ദീപക് ജോയി എന്നിവരുടെപേരുകള് വളരെ സജീവമായി പരിഗണിക്കുന്നുണ്ട്. എഐസിസിയുടെ സര്‍വേയില്‍ ഏഴുപതുശതമാനത്തിനു മുകളിലാണ് മൂന്നു പേരുടെയും സ്ഥാനം.
എറണാകുളം-ടി.ജെ. വിനോദ്, പറവൂര്‍-വി.ഡി. സതീശന്, കുന്നത്തുനാട്- വി.പി. സജീന്ദ്രന്, പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പിള്ളി, അങ്കമാലി- റോജി എം. ജോണ്‍, ആലുവ -അന്‍വര്‍സാദത്ത് എന്നീ സിറ്റിംഗ് എംഎല്‍എമാര്‍ക്കു സീറ്റ് ഉറപ്പാണ്. അവര്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. പിറവത്ത് കേരള കോണ്‍ഗ്രസ് നേതാവ് അനൂപ് ജേക്കബും സജീവമായി കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന കോതമംഗലത്ത് പ്രഖ്യാപനം ഇന്നുണ്ടാകുമെന്നറിയുന്നു. കോതമംഗലത്തു ഷിബു തെക്കുംപുറത്തിനാണ് സാധ്യത. കളമശേരി സീറ്റില്‍ കെ.എം. ഷാജി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സജീവമാണ്.
എന്നാല്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരിക്കണമെന്ന വാശിയിലാണ്. തനിക്ക് കിട്ടിയില്ലെങ്കില്‍ മകന് വേണമെന്നാണ് അദേഹത്തിന്റെ നിലപാട്. ഇതിനിടയില്‍ കെ.എം. ഷാജിയെ കളമശേരിയില്‍ കൊണ്ടുവരുന്നതിലും കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.
ഇതിനിടയില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളെല്ലാം കളത്തില്‍ സജീവമായി ഇറങ്ങി കഴിഞ്ഞു. തൃപ്പൂണിത്തുറയില്‍ എം. സ്വരാജ്, കളമശേരിയില്‍ പി. രാജീവ്, എറണാകുളത്ത് ഷാജി ജോര്‍ജ്, ആലുവയില്‍ ഷെല്‍ന നിഷാദ്, കൊച്ചിയില്‍ കെ.ജെ. മാക്സി, വൈപ്പിനില്‍ കെ.എല്‍. ഉണ്ണികൃഷ്ണന്, കോതമംഗലത്ത് ആന്റണി ജോണ്‍, കുന്നത്തുനാട് പി.വി. ശ്രീനിജൻ, തൃക്കാക്കരയില്‍ ഡോ. ജെ. ജേക്കബ്, പിറവത്ത് ഡോ. സിന്ധുമോള്‍ ജേക്കബ്, പെരുമ്പാവൂരിൽ ബാബു ജോസഫ്, അങ്കമാലിയിൽ ജോസ് തെറ്റയിൽ, മൂവാറ്റുപുഴയിൽ എൽദോ ഏബ്രഹാം എന്നിവര്‍ പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞു. എല്‍ഡിഎഫിനു ഇതുവരെ പറവൂരില്‍ സ്ഥാനാര്‍ഥിയായിട്ടില്ല. ഇത് സിപിഐയുടെ സീറ്റാണ്.