തിരുവനന്തപുരം: ഇന്നലെ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലും സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.
ചർച്ചകൾ ഡൽഹിയിൽ തുടരുകയാണ്. ഇന്ന് ആദ്യഘട്ട പട്ടിക തയ്യാറായേക്കുമെന്നാണ് സൂചനകൾ. എംപിമാരും ചർച്ചകളിൽ സജീവമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ എംപിമാരുമായി ചർച്ച നടത്തുന്നുണ്ട്.
ഇഷ്ടക്കാരെ തിരുകാൻ…
സ്ഥാനാർഥി പട്ടികയിൽ ഗ്രൂപ്പിസം പിടിമുറുക്കിയെന്നും മുതിർന്ന നേതാക്കൾ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും എംപിമാർ ഹൈക്കമാൻഡിനു പരാതി നൽകിയിരുന്നു. കൂടാതെ കെ.മുരളീധരൻ എംപി കഴിഞ്ഞ ദിവസത്തെ സ്ക്രീനിംഗ് കമ്മിറ്റി ബഹിഷ്കരിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് എംപിമാരുമായി നേതാക്കൾ ചർച്ച നടത്തുന്നത്. യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടും പരിഗണിക്കുന്നുണ്ട്. അതേ സമയം നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങൾ സംബന്ധിച്ച് ഇപ്പോഴും അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
ഉമ്മൻചാണ്ടിയുടെ താത്പര്യം
കെസി ജോസഫും കെ ബാബുവും എംഎം ഹസനും മത്സരിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കെ.സി ജോസഫിനും കെ ബാബുവിനും സീറ്റു നൽകണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യം. കെ.സി ജോസഫിന് കാഞ്ഞിരപ്പള്ളി നൽകണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. കെ.സി ജോസഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ മറ്റ് നേതാക്കൾ എതിർപ്പുയർത്തിയിട്ടുണ്ട്.