2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരുക്കങ്ങള് മിക്ക പാര്ട്ടികളും തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി വളരെ ക്രിയാത്മകമായ പ്രവര്ത്തനമാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് നടത്തുന്നത്.
എന്നാല് മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസിനാകട്ടെ ആശങ്കയൊഴിഞ്ഞിട്ടുമില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല് ഗാന്ധി ആവേശം ഉയര്ത്തുന്നുണ്ടെങ്കിലും അത് എത്രകണ്ട് വോട്ടായി മാറുമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല.
2014ല് മോദി പ്രഭാവത്തോടെ അധികാരത്തില് വന്ന ബിജെപി 2019ല് ശക്തി വര്ധിപ്പിച്ചപ്പോള് 2014ലെ 44 സീറ്റ് 52 ആയി വര്ധിപ്പിക്കാനായത് മാത്രമായിരുന്നു കോണ്ഗ്രസിന് ആശ്വസിക്കാനുണ്ടായ വക.
പഴയ ശക്തികേന്ദ്രമായ യുപിയിലും ബംഗാളിലും ഇന്ന് യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത അവസ്ഥയിലാണ് കോണ്ഗ്രസ്. ബിഹാറിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്ഥമല്ല.
നിലവില് ഭരണത്തിലുള്ള വലിയ സംസ്ഥാനമായ രാജസ്ഥാനില്പ്പോലും വലിയ പ്രതീക്ഷയില്ലെന്നതാണ് വാസ്തവം. കോണ്ഗ്രസിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്.
കോണ്ഗ്രസ് രണ്ടക്കം കടക്കാന് സാധ്യതയുള്ള ഏക സംസ്ഥാനമായാണ് കേരളത്തെ വിലയിരുത്തുന്നത്. എന്നാല് കഴിഞ്ഞ തവണത്തെ സാഹചര്യമല്ലാത്തതിനാല് അതത്ര എളുപ്പമല്ല താനും.
സംസ്ഥാനത്ത് ഭരണത്തുടര്ച്ചയില് നില്ക്കുന്ന ഇടതുപക്ഷം ലോക്സഭയില് പങ്കാളിത്തം വര്ധിപ്പിക്കാന് കഴിയുന്നതെല്ലാം ചെയ്യുമെന്നുറപ്പാണ്.
സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതം വര്ധിപ്പിക്കുന്ന സാഹചര്യവും ഫലത്തില് ദോഷം ചെയ്യുക കോണ്ഗ്രസിനു തന്നെയായിരിക്കും.
കാസര്കോട്- രാജ്മോഹന് ഉണ്ണിത്താന്, വയനാട്- രാഹുല് ഗാന്ധി, പാലക്കാട്- വി.കെ. ശ്രീകണ്ഠന്, ആലത്തൂര്- രമ്യ ഹരിദാസ്, ചാലക്കുടി- ബെന്നി ബെഹ്നാന്, എറണാകുളം- ഹൈബി ഈഡന്, ഇടുക്കി- ഡീന് കുര്യാക്കോസ്, മാവേലിക്കര- കൊടിക്കുന്നില് സുരേഷ് എന്നിവരാണ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പുളളവര്. എന്നാല് മേല്പ്പറഞ്ഞ സീറ്റുകളില് എത്രയെണ്ണം നിലനിര്ത്തും എന്നത് ചോദ്യമാണ്.
സിറ്റിങ് എം.പിമാരില് ഏഴ് പേര് ഇത്തവണ ഡല്ഹിയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില് ഭാരിച്ച ഉത്തരവാദിത്വം ഉളളതിനാല് കെ. സുധാകരന് മത്സരിക്കില്ല.
അനാരോഗ്യവും അദ്ദേഹത്തിന് പ്രശ്നമാണ്. പാര്ട്ടി പറഞ്ഞാല് എന്തിനും തയ്യാറെന്ന് പ്രഖ്യാപിച്ച കെ. മുരളീധരന് ലോക്സഭയിലേക്ക് പോകുന്നതില് ഇരു മനസാണ്.
വടകര വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതില് എതിര്പ്പില്ല. അല്ലെങ്കില് മുല്ലപ്പളളി രാമചന്ദ്രന് വീണ്ടും വടകരയില് മത്സരിക്കട്ടെ എന്നും കെ..മുരളീധരന് നിലപാട് സ്വീകരിക്കുന്നു.
വട്ടിയൂര്ക്കാവോ അല്ലെങ്കില് കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും സീറ്റാണ് മുരളീധരന്റെ നോട്ടം. കോഴിക്കോട് വിട്ടൊരു കളിയില്ലെന്ന് ആവര്ത്തിക്കുന്ന എം.കെ. രാഘവനും സംസ്ഥാനത്ത് സജീവമാകും.
നഗരമധ്യത്തിലെ നിയമസഭ മണ്ഡലം തന്നെയാണ് ലക്ഷ്യം. ടി.എന് പ്രതാപനും ആന്റോ ആന്റണിയും ലക്ഷ്യമിടുന്നതും കേരള നിയമസഭ തന്നെയാണ്.
ഇടതുകോട്ടയായ ആറ്റിങ്ങലില് എ. സമ്പത്തിനെ അട്ടിമറിച്ചെത്തിയ അടൂര് പ്രകാശ് കോന്നിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.
കോന്നിയില് കെ.യു ജനീഷ് കുമാര് ചുവടുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില് കോന്നി തിരിച്ചു പിടിക്കുക ദുഷ്കരമാകുമെങ്കിലും സംസ്ഥാനത്ത് സജീവമായി കോന്നിയില് നിന്ന് വീണ്ടും നിയമസഭയില് എത്താമെന്ന കണക്കുകൂട്ടലിലാണ് അടൂര് പ്രകാശ്.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കരുക്കള് നീക്കുന്ന ശശി തരൂരും ലോക്സഭാ സ്വപ്നം ഉപേക്ഷിച്ചു. എന്.എസ്എസിന്റേയും ക്രൈസ്തവ സഭകളുടേയും പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്ന അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചേക്കും.
തത്വത്തില് ആകെയുളള 15 സിറ്റിങ് എം.പിമാരില് എട്ട് പേര് മാത്രമാകും മത്സരരംഗത്തുണ്ടാവുക. 2019ല് കേന്ദ്രത്തില് അധികാര മാറ്റം പ്രതീക്ഷിച്ചാണ് പലരും ലോക്സഭയിലേക്ക് മത്സരിച്ചത് എന്നാല് ആ പ്രതീക്ഷ അസ്ഥാനത്തായതോടെ
തങ്ങളുടെ രാഷ്ട്രീയഭാവിയ്ക്ക് നല്ലത് കേരളം തന്നെയാണെന്ന തിരിച്ചറിവാണ് പലരെയും ലോക്സഭ വിട്ടൊഴിയാന് പ്രേരിപ്പിക്കുന്നത്.