കോട്ടയം: കോട്ടയത്ത് ലോംഗ് മാർച്ചിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധം വ്യാപകമാകുന്നു.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പങ്കെടുത്ത എസ്പി ഓഫീസ് മാർച്ചിനിടെ ഇന്നലെ ഉച്ചയോടെയാണ് ലാത്തിച്ചാർജ് നടത്തിയത്.
പ്രകോപനം കൂടാതെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിലും കോണ്ഗ്രസ് നേതാക്കളെ മർദ്ദിച്ചതിലും പ്രതിഷേധിച്ച് ഇന്നു മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശിക തലങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തും. പന്തംകൊളുത്തി പ്രകടനത്തിനു കേരള കോണ്ഗ്രസ് എം പിന്തുണ പ്രഖ്യാപിച്ചു.
പാത്താമുട്ടം കൂന്പാടി സെന്റ് പോൾസ് പള്ളിയിൽ അഭയം തേടിയിരിക്കുന്ന കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലേക്ക് സംഘടിപ്പിച്ച ലോംഗ് മാർച്ചിനുശേഷം ചേർന്ന പ്രതിഷേധസമ്മേളനത്തിനിടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ജനപ്രതിനിധികളടക്കം എട്ടു കോണ്ഗ്രസ് പ്രവർത്തകർക്കും രണ്ടു പോലീസുകാർക്കും ഒരു മാധ്യമപ്രവർത്തകനുമാണു പരിക്കേറ്റത്.
ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെസിമോൾ മനോജ്, ദളിത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് രാജൻ പെരുന്പക്കാട്, പാന്പാടി ബ്ലോക്ക് പഞ്ചായത്ത് മെന്പർ ഷൈലജ റെജി, മറവൻതുരുത്ത് പഞ്ചായത്ത് മെന്പർ ലീനാ ഡി. നായർ, തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് കാമറമാൻ പ്രസാദ് വെട്ടിപ്പുറം, സിവിൽ പോലീസ് ഓഫിസർമാരായ ജെറാൾഡ് വീച്ചസ് (42), സ്റ്റെഫിൻ (42) എന്നിവർക്കും പരിക്കേറ്റു.
പ്രതിഷേധയോഗത്തിൽ ഡിവൈഎഫ്ഐ അക്രമങ്ങളെപ്പറ്റി പാത്താമുട്ടം പള്ളി ഇടവകാംഗം കുറിച്ചി ചേലച്ചിറ യമിയ സി. തങ്കച്ചൻ വിശദീകരിക്കുന്പോഴാണു പോലീസ് ലാത്തിച്ചാർജ് നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ചു 16നു എസ്പി ഓഫീസിനു മുന്നിൽ രാപകൽ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.