കോട്ടയം: ലോംഗ് മാർച്ചിനുനേരേ ലാത്തിച്ചാർജ് നടന്ന സംഭവത്തിൽ വ്യക്തത വരാതെ കോണ്ഗ്രസ് നേതൃത്വവും ഒരുവിഭാഗം പോലീസുകാരും. ഇന്നലെ ഉച്ചയോടെയാണു കോട്ടയം എസ്പി ഓഫീസിലേക്കു കോണ്ഗ്രസ് നടത്തിയ മാർച്ചിനുനേരെ ലാത്തിച്ചാർജ് നടത്തിയത്.
ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണു കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നിർദേശാനുസരണം പോലീസ് ലാത്തി ച്ചാർജ് നടത്തിയത്. പാത്താമുട്ടം പള്ളിയിൽ അഭയം തേടിയിരിക്കുന്ന കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണു ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ലോംഗ് മാർച്ച് സംഘടിപ്പിച്ചത്.
മുൻകൂട്ടി തയാറാക്കിയതുപോലെ മാർച്ചിനുനേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് കോണ്ഗ്രസ് ആരോപിച്ചു. ലാത്തി ച്ചാർജിനു പിന്നിൽ ഡിവൈഎസ്പി ആർ. ശ്രീകുമാറാമെന്നും കോണ്ഗ്രസ് ആരോപണം ഉന്നയിച്ചു. മാർച്ചിനുശേഷം കോണ്ഗ്രസ് പ്രവർത്തകരും ഡിവൈഎസ്പിയും തമ്മിൽ വാക്കേറ്റവും അസഭ്യം പറച്ചിലുമുണ്ടായി.
കോണ്ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ വാഹനത്തിൽ സമ്മേളനത്തിനുശേഷം മടങ്ങിയ പ്രവർത്തകരിൽ ഒരാൾ പോലീസിനുനേരെ അസഭ്യം പറയുകയും ഡിവൈഎസ്പി ഏറ്റുപിടിക്കുകയും ചെയ്തു. ‘നേതാക്കളുടെ കൂട്ടത്തിലിരുന്നു സംസാരിക്കാതെ വാഹനത്തിൽനിന്നും ഇറങ്ങിവന്നു പറയെടാ’ എന്ന് ഡിവൈഎസ്പി പറഞ്ഞതോടെ ‘പോലീസുകാരുടെ ഇടയിൽനിന്നല്ലേ താൻ പറയുന്നതെന്ന്’ കോണ്ഗ്രസ് നേതാവ് ഡിവൈഎസ്പിക്ക് മറുപടി പറഞ്ഞു.
തുടർന്നു വൻപോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ വാഹനം തടയുകയും ഡിവൈഎസ്പിയും കോണ്ഗ്രസ് നേതാവും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതോടെ പ്രവർത്തകരും തടിച്ചുകൂടി. ഏതാനും കോണ്ഗ്രസ് പ്രവർത്തകരെ ഡിവൈഎസ്പി കസ്റ്റഡിയിലെടുത്തു. ഇതോടെ വീണ്ടും സംഘർഷമുണ്ടായി.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കോണ്ഗ്രസ് നേതാക്കൾ വീണ്ടും ഈസ്റ്റ് സ്റ്റേഷനിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കോണ്ഗ്രസ് പ്രവർത്തകരെ പുറത്തെത്തിക്കുകയായിരുന്നു. വലിയ പ്രകോപനം കൂടാതെയാണു ലാത്തിച്ചാർജിലേക്കു നീങ്ങിയതെന്നു ഒരുവിഭാഗം പോലീസുകാരും പറയുന്നു.