ചാവക്കാട്: പുന്ന നൗഷാദ് വധക്കേസ് സിബിഐയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ ജലപീരങ്കിയും ഗ്രനൈഡും ലാത്തിയും ഉപയോഗിച്ച പോലീസ് നടപടിയിൽ ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി പ്രതിഷേധിച്ചു.പ്രതികളെ പിടികൂടുന്നതിൽ പോലീസ് കാണിച്ച അലംഭാവത്തിനും അനാസ്ഥക്കുമെതിരെയാണ് മാർച്ച് നടത്തിയത്. ഈ മാർച്ചിനു നേരെയാണ് പോലീസ് അകാരണമായി ആക്രമിച്ചത്. പോലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു.
പ്രതികളെ പിടിക്കാൻ ചങ്കൂറ്റം കാണിക്കണം: ലീഗ്
ചാവക്കാട്: ജനകീയ പ്രതിഷേധങ്ങളെ തല്ലിച്ചതച്ചല്ല കൊലയാളികളെ പിടികൂടിയാണ് ചങ്കൂറ്റം കാണിക്കേണ്ടതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്.ജനകീയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്ന പിണറായി പോലീസിന്റെ നയത്തിന്റെ തുടർച്ചയാണ് ചാവക്കാട് നടന്നത്. പുന്ന നൗഷാദിന്റെ വധക്കേസിലെ പ്രതികളെ പിടികൂടുന്നതിലെ അനാസ്ഥക്കെതിരെയാണ് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.കൊല നടന്ന് നൂറ് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ല- മുഹമ്മദ് ചൂണ്ടിക്കാട്ടി.
കോണ്ഗ്രസ് നാട്ടിൽ അരാജയകത്വം സൃഷ്ടിക്കുന്നു: സിപിഎം
ചാവക്കാട്: നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. ഒരു പ്രകോപനവുമില്ലാതെ പോലീസിനെ കല്ലെറിഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു.പുന്ന നൗഷാദ് വധക്കേസിലെ പ്രതികളെ പിടിക്കുന്നതിൽ പോലീസ് അനാസ്ഥ കാണിച്ചിട്ടില്ല. കോണ്ഗ്രസ് ആവശ്യപ്പെട്ട പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്ന് അവകാശപ്പെട്ട കോണ്ഗ്രസ് നേതാക്കൾ സിബിഐ അന്വേഷണം വേണമെന്നാണ് ഇപ്പോൾ പറയുന്നത്.
സിബിഐ അന്വേഷണം പവിത്രമാണെന്ന് ഇവിടെ പറയുന്പോൾ സിപിഐ കേന്ദ്ര സർക്കാരിന്റെ ചട്ടുകമാണെന്നാണ് കോണ്ഗ്രസ് അഖിലേന്ത്യ നേതൃത്വം പറയുന്നത്.വില കുറഞ്ഞ ആരോപണം ഉന്നയിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ കോണ്ഗ്രസ് പ്രാദേശിക നേതൃത്വം ക്രിമിനലുകളെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. അവർ പോലീസിനെ കല്ലെറിയുകയായിരുന്നു. സമാധാനജീവിതം തകർക്കാനുള്ള കോണ്ഗ്രസ് നീക്കം ജനങ്ങൾ തിരിച്ചറിയണമെന്ന് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് ്റിയിച്ചു.