കോട്ടയം: സോളാര് കേസില് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് പിന്തുണയുമായി കോട്ടയത്ത് കോണ്ഗ്രസിന്റെ ജനകീയ സദസ്.
സോളാര് വിവാദവുമായി ബന്ധപ്പെട്ട് മുന് മന്ത്രിയും സിപിഐ നേതാവുമായി സി. ദിവാകരന്റെ വെളിപ്പെടുത്തലില് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന് ചാണ്ടിയെ തേജോവധം ചെയ്യാനായി സിപിഎം നടത്തിയ ഹീനമായ പ്രവൃത്തികളില് സിപിഎം നേതൃത്വം കേരളസമൂഹത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കോണ്ഗ്രസ് ജില്ലാ നേതൃത്വം ജനകീയ സദസ് സംഘടിപ്പിച്ചത്.
സോളാര് കേസില് ജുഡീഷറിയെ കളങ്കപ്പെടുത്തുന്ന റിപ്പോര്ട്ടാണ് ജസ്റ്റീസ് ശിവരാജന് തയാറാക്കിയതെന്നു ജനകീയ സദസ് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്വീനര് എം.എം. ഹസന് പറഞ്ഞു.
കേസിന്റെ വസ്തുതകള് കണ്ടെത്തേണ്ട കമ്മീഷന് മാര്ക്സിസ്റ്റ് പാര്ട്ടിയുടെ ഗൂഢാലോചനയ്ക്ക് വിധേയനായി. സോളാര് കേസില് അന്വേഷണ കമ്മീഷനായിരുന്ന ജസ്റ്റീസ് ശിവരാജന് അഞ്ചുകോടി കൈക്കൂലിയായി കൈപ്പറ്റിയെന്ന സിപിഐ നേതാവും മുന് മന്ത്രിയുമായിരുന്ന സി. ദിവാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില് ജസ്റ്റീസ് ശിവരാജനെ സാമൂഹികമായി ബഹിഷ്കരിക്കണമെന്നും ഹസന് പറഞ്ഞു.
ദിവാകരന്റെയും ഹേമചന്ദ്രന്റെയും വെളിപ്പെടുത്തല് അന്വേഷിക്കാന് മുഖ്യമന്ത്രി തയാറാകണം. ഉമ്മന്ചാണ്ടിയോടും കുടുംബത്തോടും പൊതുസമൂഹത്തോടും സിപിഎം മാപ്പുപറയണമെന്നും ഹസന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംപി, പി.സി. വിഷ്ണുനാഥ് എംഎല്എ, തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ, കെ.സി. ജോസഫ്, ജോസി സെബാസ്റ്റ്യന്, കുര്യന് ജോയി, ടോമി കല്ലാനി, പി.ആര്. സോന, ജോഷി ഫിലിപ്പ്, സുധാ കുര്യന് ഫില്സണ് മാത്യൂസ്, ഫിലിപ്പ് ജോസഫ്, ബെറ്റി ടോജോ ചിറ്റേട്ടുകളം, ജോണി തോമസ് തുടങ്ങിയവര് പ്രസംഗിച്ചു.