ഒറ്റപ്പാലം: പരസ്യമായി കൊമ്പ് കോർത്ത് പോർവിളികൾ നടത്തുന്ന കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കന്മാരോട് നാവടക്കാൻ നേതൃത്വങ്ങളുടെ താക്കീത്.
ഒറ്റപ്പാലത്തെ കോൺഗ്രസ് മുസ്ലിം ലീഗ് നേതൃത്വങ്ങളുടെ പരസ്പരമുള്ള വിമർശനങ്ങൾക്ക് തടയിടാനാണ് ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ മുന്നോട്ടുവന്നത്.
എന്നാൽ പരസ്യമായി മുസ്ലിംലീഗിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചത് കോൺഗ്രസ് നേതൃത്വമാണെന്നാണ് ലീഗിന്റെ നിലപാട്. സംഘടന മര്യാദകൾ പാലിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്കുക മാത്രമാണ് ലീഗ് ചെയ്തതെന്ന് നേതാക്കൾ പറയുന്നു.
എന്നാൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി യുഡിഎഫിനും നേതാക്കൾക്കും നല്കിയ പരാതി എങ്ങനെ ചോർന്നു എന്നാണ് കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്. ലീഗ് നേതൃത്വം പരാതികൾ ചോർത്തി പത്രക്കാർക്ക് നല്കിയെന്നാണ് കോൺഗ്രസ് നേതൃത്വം ഉന്നയിക്കുന്ന ആക്ഷേപം.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമുള്ളപ്പോൾ ഒറ്റപ്പാലം നഗരസഭയിലെ കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികൾ തമ്മിൽ ഉടലെടുത്ത പടല പിണക്കങ്ങൾ ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വത്തിനും തലവേദനയായി തീർന്നിരിക്കുകയാണ്. കോൺഗ്രസിനെതിരെ ലീഗ് നഗരസഭാ കമ്മിറ്റി കെപിസിസി പ്രസിഡന്റിനു കത്ത് നല്കിയതിനു പിന്നാലെയാണ് പ്രശ്നങ്ങൾ രൂപപ്പെട്ടത്.
നഗരസഭയിലെ പാലാട്ട് റോഡ് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടെ കോൺഗ്രസിന്റെ ഭാഗത്തു നിന്നു കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ആരോപിച്ചാണു കഴിഞ്ഞ ദിവസം ലീഗ് നഗരസഭാ കമ്മിറ്റി കെപിസിസി പ്രസിഡന്റിനു കത്ത് നല്കിയിരുന്നത്.
നഗരസഭാ ഭരണത്തിൽ കോൺഗ്രസ്, സിപിഎം നേതൃത്വം നല്കുന്ന ഭരണസമിതിയെ സഹായിക്കുകയാണെന്ന് ആരോപിക്കുന്ന കത്തിൽ ബിജെപിയുടെ വളർച്ച സംബന്ധിച്ച ആശങ്കയും ലീഗ് നേതൃത്വം പങ്കുവച്ചിരുന്നു.
ആരോപണങ്ങൾ പൂർണമായി തള്ളുകയായിരുന്നു കോൺഗ്രസ് കേരള കോൺഗ്രസ്, പ്രതിനിധികൾ പങ്കെടുത്ത യുഡിഎഫ് യോഗം.നഗരസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നവംബറിൽ ലീഗ് മുനിസിപ്പൽ കമ്മിറ്റിയുമായി ആലോചനകൾ നടത്തിയിരുന്നെന്നും തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതിരുന്ന ലീഗ് പ്രാദേശിക നേതൃത്വം രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നും നേതാക്കൾ ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ്, ലീഗ് നേതൃത്വങ്ങൾക്കു പരാതി നല്കുമെന്നു നേതാക്കൾ അറിയിച്ചിട്ടുണ്ട്.