വാഴക്കുളം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കാരണത്താൽ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയിരുന്ന മുൻ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് നൈസി ഡൊമനിക്ക്, ഭർത്താവ് ഡൊമനിക് സ്കറിയ എന്നിവരെ പാർട്ടിയിൽ തിരിച്ചെടുത്തതായി ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് അറിയിച്ചു.
പഞ്ചായത്ത് ഒന്നാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരേ മത്സരിച്ചതിന്റെ പേരിലാണ് നൈസിയെ പുറത്താക്കിയിരുന്നത്.ഇതിനു സഹായകമായ പ്രവർത്തനങ്ങൾ നടത്തിയെന്ന കാരണം ചൂണ്ടികാട്ടി ഡൊമനിക്കിനെയും അന്നത്തെ ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് പുറത്താക്കുകയായിരുന്നു.
201015 ഭരണ കാലയളവിൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നു പഞ്ചായത്ത് പ്രസിഡന്റായിരുന്ന നൈസി രാജി വയ്ക്കുകയും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജയിക്കുകയുമായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ജോസ് പെരുന്പിള്ളിക്കുന്നേലിനെതിരേ ഡൊമനിക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.