ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാൻ കോണ്ഗ്രസ് നക്സലുകളുമായി കൈകോർത്തിരിക്കുകയാണെന്ന് ബിജെപി. തെരഞ്ഞെടുപ്പ് സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂരിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധര റാവുവാണ് ഈ ആരോപണം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നും നേതൃത്വത്തിൽനിന്നും പുറത്താക്കാൻ കോണ്ഗ്രസ് നക്സലൈറ്റുകളുമായി കൈകോർത്തിരിക്കുന്നു. തെലങ്കാനയിൽ കോണ്ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പ്രതികയിൽ ക്രിസ്ത്യാനികൾക്ക് ഷെഡ്യൂൾഡ് കാസ്റ്റ് പദവി വാഗ്ദാനം ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കു നേരെയുള്ള തുറന്ന വെല്ലുവിളിയാണ്- മുരളീധര റാവു പറഞ്ഞു.
നേരത്തെ, കോണ്ഗ്രസ് അർബൻ നക്സലുകളെ പിന്തുണയ്ക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ആരോപണം.