ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരസ്യവിമർശനവുമായി “വിമതർ’ വീണ്ടും.
കഴിഞ്ഞ ദശകത്തിൽ കോണ്‍ഗ്രസ് തളർന്നെന്നും “പുതുതലമുറ’ പാർട്ടിയും ജനങ്ങളുമായി ചേരണമെന്നും രാജ്യ സഭയിൽനിന്നു വിരമിച്ച ഗുലാം നബി ആസാദിനെ ആദരിക്കാനായി ജമ്മുവിൽ ഇന്നലെ “ശാന്തി സമ്മേളനം’ എന്ന പേരിൽ ചേർന്ന വിമത നേതാക്കളുടെ യോഗത്തിൽ ആനന്ദ് ശർമ തുറന്നടിച്ചു.
അനുഭവസന്പത്തുള്ള ഗുലാം നബി ആസാദിന്റെ സേവനങ്ങൾ എന്തുകൊണ്ടാണു പാർലമെന്റിൽ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്താത്തതെന്നു മറ്റൊരു മുതിർന്ന നേതാവായ കപിൽ സിബൽ ചോദിച്ചു.
കേരളത്തിലെയും ഉത്തരേന്ത്യയിലെയും ജനങ്ങളെ തമ്മിൽ താരതമ്യം ചെയ്തു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസ്താവനയ്ക്കെതിരേ കപിലും ആനന്ദും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണു പുതിയ നീക്കം.
വിവിധ ജാതി-മതവിഭാഗ ങ്ങ ളിൽപെട്ടവരെ ഒരുപോലെ ബഹുമാനിക്കുന്നതാണു കോണ്‍ഗ്രസ് പാർട്ടിയെന്നു മറുപടിപ്രസംഗത്തിൽ ഗുലാം നബി പറഞ്ഞു.
ജി-23 എന്ന പേരിൽ അറിയപ്പെടുന്നവർ വിമത ഗ്രൂപ്പല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും നേതാവിന് എതിരല്ല.
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, പ്രമുഖ അഭിഭാഷകൻ വിവേക് തൻഖ, രാജ് ബബ്ബർ തുടങ്ങി ജി-23ലെ പ്രമുഖരും പങ്കെടുത്തു.
കോണ്‍ഗ്രസിനു മുഴുസമയ സജീവ നേതൃത്വം വേണമെന്നും തെരഞ്ഞെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ടു കത്തെഴുതിയ 23 അംഗ കോണ്‍ഗ്രസ് ഗ്രൂപ്പിലെ പ്രമുഖരാണ് ഗുലാം നബി, കപിൽ സിബൽ, ആനന്ദ് ശർമ തുടങ്ങിയവർ.
കേരളത്തിൽനിന്നു പ്രഫ. പി.ജെ. കുര്യനും ശശി തരൂരും കത്തിൽ ഒപ്പുവച്ചിരുന്നെങ്കിലും ഇന്നലെ ജമ്മുവിലെ യോഗത്തിന് എത്തിയിരുന്നില്ല.