കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ കനത്ത പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിൽ പൊട്ടിത്തെറി.
മുതിർന്ന നേതാവും കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പ്രമുഖനുമായ കെ.സി. ജോസഫ് നേതൃമാറ്റം തുറന്ന് ആവശ്യപ്പെട്ടു രംഗത്ത്.
നേതൃത്വത്തിന്റെ കനത്ത വീഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ ദൃശ്യമാകുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടു തുറന്നടിച്ചു.
രാജി സന്നദ്ധതയല്ല രാജി തന്നെയാണ് പരിഹാരം എന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നത്.
തൊലിപ്പുറത്തെ ചികിത്സ!
2019ലെ ലോകസഭ തെരഞ്ഞെടുപ്പു ഫലത്തിൽ മതിമറന്നു പോയതാണ് കോണ്‍ഗ്രസിനു ദോഷകരമായത്.
പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിലെ പരാജയം ആഴത്തിൽ പഠിച്ചില്ല. പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കാണാൻ ശ്രമിച്ചില്ല.
ഇനി തൊലിപ്പുറത്തെ ചികിത്സ കൊണ്ടു മാത്രം ഫലം ചെയ്യില്ല. യുഡിഎഫിൽ സമഗ്രമായ നേതൃമാറ്റം നടക്കേണ്ടതുണ്ട്.
രാഷ്ട്രീയ ഉപദേശ കാര്യ സമിതി ഉടൻ വിളിച്ചു ചേർക്കണമെന്നും കോണ്‍ഗ്രസിൽ പുനഃസംഘടന ആവശ്യവുമായാണെന്നും പറഞ്ഞാണ് കെ.സി. ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.
ഐ ഗ്രൂപ്പിലെ നിരവധി നേതാക്കളും ഇന്നലെ ഇതേ ആവശ്യം ഉന്നയിച്ചു പരസ്യ പ്രതികണവുമായി രംഗത്തെത്തിയിരുന്നു. എ ഗ്രൂപ്പിന്റെ ശക്തനായ നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമാണ് കെ.സി. ജോസഫ്.
മുല്ലപ്പള്ളി പരുങ്ങലിൽ
എ, ഐ ഗ്രൂപ് നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തെത്തിയതോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രെൻ നില പരുങ്ങലിലായി.
ഇത്തവണ കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കമാണ് എ, ഐ ഗ്രൂപ് ഇപ്പോൾ നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത് മുല്ലപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരാണ്. പരാജയം ഏറ്റതോടെ കെപിസിസി പ്രസിഡന്റിനെ മാത്രം ബലിയാടാക്കാനാണ് ഇപ്പോൾ നീക്കം.
സ്ഥാനാർഥികളും കലിപ്പിൽ
ധർമടത്തെ ഐ ഗ്രൂപ്പുകാരായ യുഡിഎഫ് സ്ഥാനാർഥി സി. രഘുനാഥ്, അരൂരിലെ സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്കു പോയെന്ന ആരോപണവുമായി തൃശൂരിലെ സ്ഥാനാർഥി പത്മജയും രംഗത്തുവന്നു. നേതൃത്വനിര അടിമുടി മാറണമെന്ന ആവശ്യവുമായി കൂടുതൽ ആളുകൾ രംഗത്തെത്തുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്കു പിന്നാലെ കെപിസിസിയിൽ സന്പൂർണ അഴിച്ചുപണി നടത്തി കെ. സുധാകരനെയോ കെ. മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇന്നലെ പറഞ്ഞത്.
ഇതേത്തുടർന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജിസന്നദ്ധത അറിയിച്ചതായും എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചെന്നുമാണ് വിവരം.
മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്.
അതേസമയം, കെ.സുധാകരൻ കെപിസിസി തലപ്പത്തേക്കു വരുന്നതിനെ തടയിടാനുള്ള നീക്കവും എ ഗ്രൂപ്പിൽ സജീവമാണെന്നാണ് സൂചന.
കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് ആകുമെന്നാണല്ലോ കേൾക്കുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതു മാധ്യമവാർത്ത മാത്രം ആണെന്ന മട്ടിലാണ് കെ.സി. ജോസഫ് പ്രതികരിച്ചത്.