കണ്ണൂർ: പാർട്ടിയിലേക്കു കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനും മികച്ച പൊതുപ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി കണ്ണൂരിൽ കോൺഗ്രസിന്റെ പഠനകേന്ദ്രം. തലശേരി കേന്ദ്രീകരിച്ചാണു പഠനകേന്ദ്രത്തിന്റെ പ്രവർത്തനം. പതിവുരീതികളിൽ നിന്നും വ്യത്യസ്തമായി അതീവരഹസ്യമായി ആരംഭിച്ച പഠനകേന്ദ്രം രണ്ടാംഘട്ട പ്രവർത്തനത്തിലേക്കു പ്രവേശിച്ചു. 17 നും 25 നുമിടയിൽ പ്രായമുള്ളവർക്കാണു പരിശീലനം.
ആദ്യബാച്ചിലെ 140 കുട്ടികൾ ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. 2019 ആകുന്പോഴേക്കും 2,000 കുട്ടികൾക്കു പരിശീലനം നല്കുന്ന രീതിയിലാണു ക്രമീകരണം. പ്രസംഗപരിശീലനം, ആത്മവിശ്വാസം, നേതൃത്വ പരിശീലനം, ആശയവിനിമയ ശേഷിയും ശരീരഭാഷയും, സംഘാടകശേഷി, ടൈം മാനേജ്മെന്റ്, പ്രശ്നപരിഹാരം, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്വം, ആശയവിനിമയരംഗത്തെ പുതിയ സാധ്യതകൾ, തെരഞ്ഞെടുപ്പ് പ്രക്രിയ, ലിംഗസമത്വം തുടങ്ങിയവയിലാണു ക്ലാസുകൾ.
സ്വാതന്ത്ര്യസമര ചരിത്രം, സ്വാതന്ത്ര്യസമരത്തിൽ കോൺഗ്രസിന്റെ പങ്ക്, കോൺഗ്രസ് ചരിത്രവും രാജ്യത്തിനു നല്കിയ സംഭാവനകളും, ഇന്ത്യൻ ചരിത്രം, ലോകചരിത്രം തുടങ്ങിയിവയും പരിശീലന വിഷയങ്ങളാണ്.ആദ്യഘട്ടത്തിൽ മൂന്നുദിവസത്തെ സഹവാസ ക്യാന്പാണു നടത്തുന്നത്. രണ്ട്, മൂന്ന് ഘട്ടങ്ങളിൽ കുട്ടികൾക്കു വീണ്ടും മൂന്നുദിവസം വീതമുള്ള പരിശീലനം നല്കും. ആകെ ഒന്പതു ദിവസമാണു പരിശീലനം.
നിലവിൽ മൂന്നുദിവസത്തെ പരിശീലനമാണു പൂർത്തിയായിട്ടുള്ളത്. നിലവിൽ 1,800 കുട്ടികളുടെ ലിസ്റ്റാണു തയാറാക്കിയിരിക്കുന്നത്. ഇതിൽ നിന്നും അഭിമുഖത്തിലൂടെ തെരഞ്ഞെടുത്ത കുട്ടികൾക്കാണു പരിശീലനം. ആദ്യഘട്ടത്തിൽ 500 ഓളം കുട്ടികൾക്ക് അഭിമുഖം നടത്തിയാണു 200 പേരെ തെരഞ്ഞെടുത്തത്.
വിവിധ രംഗങ്ങളിൽ വൈദഗ്ധ്യം നേടിയവരാണ് അഭിമുഖം നടത്തുന്നതും പരിശീലനം നൽകുന്നതും. ഇതിലൊന്നും പാർട്ടി ഇടപെടൽ ഉണ്ടാകുന്നില്ല. പഠനകേന്ദ്രത്തിൽ നാലു ക്ലാസ്മുറികളാണു സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ക്ലാസ്റൂമിലും രണ്ടു പരിശീലകർ വീതം ഉണ്ടാകും. ഇതിലൊരാൾ ഓരോ കുട്ടിയേയും വ്യക്തിപരമായി നിരീക്ഷിക്കും. ഒരു ക്ലാസിൽ 40 നും 50 നും ഇടയിൽ കുട്ടികളുണ്ടാകും. ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും ആൺകുട്ടികൾക്കു മാത്രവും മൂന്നാംഘട്ടത്തിൽ പെൺകുട്ടികൾക്കും മാത്രവുമാണു പരിശീലനം.
അടുത്തമാസത്തോടെ കെഎസ്യു, യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കുള്ള പരിശീലനവും ഇതോടൊപ്പം ആരംഭിക്കും. തുടർന്നു മഹിളാ കോൺഗ്രസ്, കോൺഗ്രസ് ഭാരവാഹികൾക്കും ഇത്തരത്തിൽ പരിശീലനം നൽകും. കെപിസിസി അംഗം വി. രാധാകൃഷ്ണനാണു പഠനകേന്ദ്രത്തിന്റെ ചുമതല. മുൻ മന്ത്രി കെ. സുധാകരന്റെ നിർദേശപ്രകാരം ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിയോടും പഠനകേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നാണു ലഭിക്കുന്ന വിവരം. മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾക്കു ശേഷമാണു പഠനകേന്ദ്രം കണ്ണൂരിൽ ആരംഭിച്ചത്. തുടക്കത്തിൽ ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ നിന്നും 93, ബ്ലോക്ക് കമ്മിറ്റി-23, നിയോജക മണ്ഡലം കമ്മിറ്റി-11 വീതം കോ-ഓർഡിനേറ്റർമാരെ തെരഞ്ഞെടുത്ത് ഒരു ദിവസത്തെ പരിശീലനം നല്കിയിരുന്നു. ഈ കോ-ഓർഡിനേറ്റർമാരാണു പഠനകേന്ദ്രത്തിലേക്കുള്ള കുട്ടികളുടെ ലിസ്റ്റ് തയാറാക്കുന്നത്.