തിരുവനന്തപുരം: കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കാനിരിക്കേ അപ്രതീക്ഷിതനീക്കങ്ങളുമായി പാർട്ടി നേതൃത്വം. വടകരയിലെ സിറ്റിംഗ് എംപി കെ. മുരളീധരനെ തൃശൂർ മണ്ഡലത്തിലേക്കു മാറ്റുമെന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തൃശൂരിലെ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് സീറ്റില്ല. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയും ആലപ്പുഴയിൽ കെ.സി. വേണുഗോപാലും സ്ഥാനാർഥികളാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ. സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തും.
സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ ഡൽഹിയിൽ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.
സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം ഇന്നു രാവിലെ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിക്കുശേഷം മാത്രമാണ് ഉണ്ടാകുക. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക.
തൃശൂരിൽ പ്രചാരണരംഗത്ത് ഏറെ മുന്നേറിയശേഷമാണു ടി.എൻ. പ്രതാപനെ മാറ്റുന്നത്. പാർട്ടി എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്ന് പ്രതാപൻ പറഞ്ഞു. കേരളത്തില്‍ എവിടെ മല്‍സരിക്കാനും തയാറെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ടി.എൻ. പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നാണു സൂചന.
പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ. മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണു തൃശൂരിലെ കോൺഗ്രസ് നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണ് കെ. മുരളീധരനെ തൃശൂരിലേക്ക് നിർദേശിച്ചതെന്ന് അറിയുന്നു.
തൃശൂർ മണ്ഡലത്തിൽ നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തിയാൽ ബിജെപിയുടെ അവിടത്തെ പ്രതീക്ഷകൾ അവസാനിപ്പിക്കാമെന്നാണു കോൺഗ്രസ് കണക്കുകൂട്ടൽ. നേരത്തെ നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ മുരളീധരന്റെ സ്ഥാനാർഥിത്വം നിർണായകമായിരുന്നു.
മുരളി ഒഴിയുന്ന വടകരയിൽ കെ.കെ. ശൈലജയെ നേരിടാൻ സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ടുനിന്നു ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. ടി. സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ വടകരയിൽ പരിഗണിച്ചിരുന്നു.
കാസർഗോഡ്- രാജ്മോഹൻ ഉണ്ണിത്താൻ, കോഴിക്കോട് -എം.കെ. രാഘവൻ, പാലക്കാട്- വി.കെ. ശ്രീകണ്ഠൻ, ആലത്തൂർ- രമ്യ ഹരിദാസ്, ചാലക്കുടി-ബെന്നി ബഹനാൻ, എറണാകുളം -ഹൈബി ഈഡൻ, ഇടുക്കി -ഡീൻ കുര്യാക്കോസ്, മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട- ആന്റോ ആന്റണി, ആറ്റിങ്ങൽ- അടൂർ പ്രകാശ്, തിരുവനന്തപുരം- ശശി തരൂർ എന്നിവർ വീണ്ടും മത്സരിക്കും.