പത്തനംതിട്ട: ജില്ലാ പഞ്ചായത്തില്‍ യുഡിഎഫില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം കഴിഞ്ഞതവണത്തേക്കാള്‍ ഒന്നോ രണ്ടോ സീറ്റുകള്‍ അധികം നേടാമെന്ന പ്രതീക്ഷയാണുള്ളത്.
എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ യുഡിഎഫിനു തലവേദനയായി.കോണ്‍ഗ്രസ് 14 മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്.
പുളിക്കീഴ്, റാന്നി മണ്ഡലങ്ങള്‍ ജോസഫ് വിഭാഗത്തിനു നല്‍കാനാണ് ധാരണ. എന്നാല്‍ കോണ്‍ഗ്രസിലെ എ, ഐ തര്‍ക്കങ്ങള്‍ അവസാനിക്കാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.
തര്‍ക്കങ്ങള്‍ ജില്ലാതലത്തില്‍ പരിഹാരമാകുന്നില്ലെങ്കില്‍ കെപിസിസി സമിതിക്കു കൈമാറാനാണ് സാധ്യത. അന്തിമ തീരുമാനം കെപിസിസിക്കു വിടാനുള്ള നിര്‍ദേശം ഐ ഗ്രൂപ്പിന്റേതാണ്.
എ വിഭാഗം ഒമ്പതും ഐ അഞ്ചും മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ധാരണ. മലയാലപ്പുഴ, കൊടുമണ്‍, റാന്നി, കോയിപ്രം, ആനിക്കാട്, ഇലന്തൂര്‍, കുളനട, പള്ളിക്കല്‍ ഡിവിഷനുകളില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.
ഇതില്‍ കുളനട, അങ്ങാടി എന്നിവിടങ്ങളില്‍ ഒന്നിലധികം പേര് അവകാവാദമുന്നയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് നല്കിയ റാന്നി കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം സീറ്റ് അവര്‍ക്ക് നല്കണമെന്നാവശ്യവുമുണ്ട്.
ഐ ഗ്രൂപ്പിന് ലഭിച്ച കോഴഞ്ചേരി, കോന്നി, ചിറ്റാര്‍, പ്രമാടം, ഏനാത്ത് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനം വന്നിട്ടില്ല. ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.