പത്തനംതിട്ട: പത്തനംതിട്ട മുനിസിപ്പാലിറ്റി ഉൾപ്പെടെയുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്ന ആറന്മുള എംഎൽഎയുടെയും സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ച് 16ന് കളക്ടറേറ്റ് പിക്കറ്റ് ചെയ്യന്നതിന് രാജീവ് ഭവനിൽ ചേർന്ന കോൺഗ്രസ് ജനപ്രതിനിധി സംഗമം തീരുമാനിച്ചു.
പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള 500 കോടിയിലധികം രൂപ വിലമതിക്കുന്ന സ്ഥലം സ്പോർട്സ് യുവജനകാര്യ വകുപ്പിന് കൈമാറി ഇല്ലാത്ത കിഫ്ബി ഫണ്ടിന്റെ പേരു പറഞ്ഞ് എകെജി സെന്ററിനു തീറെഴുതാനാണ് മുഖ്യമന്ത്രിയുടെ ആശ്രിത വത്സലയായ ആറന്മുള എംഎൽഎ ശ്രമിക്കുന്നതെന്ന് ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.
തെരെഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ജനപ്രതിനിധികളെ നോക്കുകുത്തിയാക്കി സ്റ്റേഡിയം പണിയുടെ പേരിൽ സ്ഥലം തട്ടിയെടുക്കാനുള്ള എംഎൽഎയുടെ അതിമോഹം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.സ്റ്റേഡിയം നിർമ്മിക്കാൻ എംഎൽഎക്ക് ആത്മാർഥമായ ആഗ്രഹം ഉണ്ടെങ്കിൽ ധാരണാപത്രത്തിലെ മുനിസിപ്പാലിറ്റിക്കെതിരായ ഭാഗങ്ങൾ ഒഴിവാക്കി പരസ്പര ധാരണയോടെ പുതിയ കരാർ ഒപ്പ് വയ്ക്കുവാൻ തയാറാകണമെന്ന് ബാബു ജോർജ് ആവശ്യപ്പെട്ടു.
പ്രളയാനന്തര ജില്ലയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ അവതാളത്തിൽ ആയിരിക്കുകയാണെന്നും പ്രളയം മൂലം വീട് നഷ്ടപ്പെട്ടവർക്കുള്ള ഭവന നിർമാണ പദ്ധതി ആരംഭിക്കുന്നതിലും കാർഷിക വിളകളും കന്നുകാലി സമ്പത്തും നഷ്ടപ്പെട്ടവർക്കും സഹായങ്ങൾ വിതരണം ചെയ്യന്നതിലും ഉണ്ടായിട്ടുള്ള ഗുരുതരമായ വീഴ്ച പരിഹരിക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു.