കോഴിക്കോട്: ഹൃദയവേദനയോടെയാണ് റായ്പുരിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാർട്ടിയിൽ കനത്ത അവഗണനയാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ സ്വയം വിട്ടുനിൽക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനറി സമ്മേളനത്തിന് പോകാൻ വിമാനടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരും വിളിച്ചില്ല.
എന്നെ വേണ്ടെങ്കില്‍ പിന്നെ എന്തിനാണ് പ്രയാസപ്പെട്ട് പോവുന്നതെന്ന് മനസില്‍ തോന്നി. അതുകൊണ്ട് പോയില്ല. കെ. സുധാകരന് തൊട്ടുമുന്‍പ് പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍. എന്നാൽ പ്രസിഡന്റായശേഷം ഇന്നുവരെ ഒരു കാര്യത്തിനും എന്നെ ബന്ധപ്പെട്ടിട്ടില്ല.
ഞാന്‍ കെപിസിസി അംഗമായ അഴിയൂരില്‍നിന്ന് എന്റെ ഒഴിവില്‍ മറ്റൊരാളെ വയ്ക്കുമ്പോള്‍ സാമാന്യമര്യാദയുടെ പേരില്‍ എന്റെ അഭിപ്രായം തേടേണ്ടതല്ലേ.
അതുണ്ടായില്ല. കെപിസിസി, മണ്ഡലം, ബ്ലോക്ക്, ഡിസിസി തലത്തില്‍ പുനഃസംഘടനകള്‍ നടക്കുന്നതെല്ലാം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. ഇത്രയും അവഗണന നേരിട്ട മുന്‍ കെപിസിസി പ്രസിഡന്റ് വേറേ ഉണ്ടാവില്ല.
കോഴിക്കോട്ട് ചിന്തന്‍ശിബിരം നടത്തിയപ്പോൾ എന്നോട് ഒരുവാക്കുപോലും ആരും പറഞ്ഞില്ല. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും കാര്യങ്ങളൊക്കെ നന്നായി അറിയാം.
എങ്കിലും ആരും എന്നെ സഹകരിപ്പിക്കാന്‍ മുന്‍കൈയെടുത്തില്ലെന്നും കെ.സി.വേണുഗോപാലും വി.ഡി.സതീശനും കെ.സുധാകരനും കോക്കസായി പ്രവർത്തിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.