ന്യൂഡല്‍ഹി: പുതിയ കാലത്ത് സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പുകളെപ്പോലും സ്വാധീനിക്കുന്നുണ്ടെന്നതാണ് വാസ്തവം. രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പ്രാധാന്യം കൊടുക്കുന്നുമുണ്ട്. സമീപകാലത്ത് ബിജെപി വിജയിച്ച പല തിരഞ്ഞെടുപ്പുകളിലും സോഷ്യല്‍ മീഡിയയുടെ പ്രകടമായ സ്വാധീനം ഉണ്ടായിരുന്നു. ഈ സാഹചര്യം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസും ഇപ്പോള്‍ മാറാനൊരുങ്ങുകയാണ്.
മധ്യപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വ്യത്യസ്ഥമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ നിര്‍ബന്ധമായിരിക്കുകയാണ്.
ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് മാനദണ്ഡം. ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്സ് എങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ത്തകളും റീട്വീറ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വേണം. അസംബ്ലി തിരഞ്ഞെടുപ്പിന് ടിക്കറ്റ് പരിഗണിക്കണമെങ്കില്‍ ഈ മാസം 15ന് മുമ്പ് അവര്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയുടെ വിശദവിവരം പാര്‍ട്ടിക്ക് കൈമാറണം. ഇതിനുവേണ്ടി പാര്‍ട്ടികള്‍ സൈബര്‍ പോരാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയിരിക്കുകയാണ്.