ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂറും രംഗത്തെത്തി.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.
ശ്രീറാം വെങ്കിട്ടരാമന് കളങ്കിതനായ വ്യക്തിയാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു.
മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്.
അത്തരത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം.
നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു.
കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.
ശ്രീറാമിന്റെ നിയമനത്തിനെതിരേ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി.
ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാന്‍പോലും അഹങ്കാരം അനുവദിക്കാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്നായിരുന്നു സലീം മടവൂരിന്റെ കുറിപ്പ്.
കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പ് ജോ. ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയാണ് ശ്രീറാം.
കുറ്റകൃത്യം ചെയ്തതിന് പുറമേ അത് മറച്ചുവെയ്ക്കാനും രക്ഷപ്പെടാനും തന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു.
ഐഎഎസ് തലത്തില്‍ നടത്തിയ അഴിച്ചുപണിയെത്തുടര്ന്നാണ് ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ശ്രീറാമിന്റെ ഭാര്യ രേണുരാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.