കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് ഓരോ വോട്ടും. കേരളത്തില്‍ എല്ലാക്കാലത്തും നിര്‍ണായകമാകാറുള്ള ന്യൂനപക്ഷവോട്ടുകളില്‍ കണ്ണും നട്ടിരിക്കുകയാണ് ഇടത്-വലത് പാര്‍ട്ടികള്‍. കഴിഞ്ഞ തവണ ഒന്നാകെ ഇളകി യുഡിഎഫിലേക്ക് ഒഴുകിയ ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കുറച്ചെങ്കിലും കീശയിലാക്കി മലബാറില്‍ ഉള്‍പ്പെടെ നിലമെച്ചപ്പെടുത്താന്‍ പതിനെട്ടടവും പയറ്റുകയാണ് ഇടതുമുന്നണി.
പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തുടക്കം മുതല്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി മുസ്ലിം വിഭാഗങ്ങളിലേക്കു നടന്നുകയറാനുള്ള ശ്രമം ഇതിനകം സിപിഎം ആരംഭിച്ചുകഴിഞ്ഞു. പൊതുവേ മുസ്ലിം വിഭാഗത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു സമീപനങ്ങളില്‍ ശക്തമായ എതിര്‍പ്പുള്ളവരെ ഒരുമിച്ചുനിര്‍ത്തി വോട്ടുനേടുക എന്ന തന്ത്രമാണ് ഇടതുമുന്നണിക്കുള്ളത്.
അതിശക്തമായ പോരാട്ടം നടക്കുന്ന കോഴിക്കോട് ഇത്തവണ എളമരം കരീമിനെ ഉള്‍പ്പെടെ നിര്‍ത്തിയത് മുസ് ലിം വോട്ട് ബാങ്ക് ലക്ഷ്യം വച്ചുകൊണ്ടുകൂടിയാണ്. തങ്ങളുടെ സംഘടനാപരമായ ശക്തി പൂര്‍ണമായും ഉപയോഗിച്ച് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നവ കേരള സദസ് കഴിഞ്ഞയുടര് തന്നെ സിപിഎം നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.
കോണ്‍ഗ്രസാകട്ടെ സിപിഎം എവിടെയൊക്കെ നടന്നു കയറിയാലും ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളെ വിട്ടുപോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ്. ദേശീയ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമ്പോള്‍ ബിജെപി വിരുദ്ധവോട്ടുകള്‍ കേരളത്തില്‍ ഒന്നാകെ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ള സ്വാധീനം കൂടുതലാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
കേരളത്തിലെ മറ്റു നേതാക്കളെയെല്ലാം പിന്തള്ളിയാണ് രാഹുല്‍ഗാന്ധിയുടെ മലയാളക്കരയിലെ സ്വാധീനം പുറത്തുവന്നത്. അതിനു കൂട്ടായതു ന്യൂനപക്ഷ പിന്തുണയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ വയനാട്ടില്‍ എത്തുന്നതോടെ ന്യൂനപക്ഷവോട്ടുകള്‍ നേടാനുള്ള സിപിഎം തന്ത്രങ്ങള്‍ പാടെ തകര്‍ത്തെറിയപ്പെടുമെന്നും ഇവര്‍ കരുതുന്നു.
ഇത്തവണ കേരളമാകെ മുസ് ലിം ലീഗിനെ കൂടുതല്‍ ചേര്‍ത്തുപിടിച്ചാണ് കോണ്‍ഗ്രസിന്റെ വോട്ടുപിടിത്തം. ഉദ്ഘാടകരായും മുഖ്യാതിഥികളായും ഒന്നാംനിര ലീഗ് നേതാക്കളെ ഇങ്ങനെ കണ്‍വെന്‍ഷനുകളില്‍ അണിനിരത്തുകയാണ് യുഡിഎഫ്. ഈ തന്ത്രം കേരളത്തില്‍ ഇരുപത് സീറ്റും നേടാന്‍ വഴിയൊരുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.