കോട്ടയം: ജില്ലയിൽ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണത്തിൽ റിക്കാർഡ് വർധന. രണ്ടേകാൽ ലക്ഷം പ്രാഥമിക അംഗങ്ങളാണ് കോണ്‍ഗ്രസിനു ജില്ലയിലുള്ളത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്തുതലം മുതൽ നടത്തിയ മെംബർഷിപ്പ് കാന്പയിൻ പൂർത്തിയായപ്പോഴാണ് അംഗങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായിരിക്കുന്നത്.
ജില്ലയിലെ ഒന്‍പതു നിയോജക മണ്ഡലങ്ങളിലായി 83 മണ്ഡലങ്ങളുടെ കീഴിലുള്ള 1489 ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു മെംബർഷിപ്പ് കാന്പയിൻ നടന്നത്. ഒരു ബൂത്തിൽ മിനിമം 150 പേരെ അംഗങ്ങളാക്കണമെന്നായിരുന്നു നിർദേശം. എല്ലാ ബൂത്തുകളും ഈ ക്വാട്ട പൂർത്തീകരിച്ചു. 15 വർഷങ്ങൾക്കു ശേഷമാണ് ജില്ലയിൽ കോണ്‍ഗ്രസിനു മെംബർഷിപ്പ് കാന്പയിൻ നടക്കുന്നത്.
പുതിയതായി എത്തിയ അംഗങ്ങളിൽ 50 ശതമാനത്തോളം യുവാക്കളും സ്ത്രീകളുമാണെന്നുള്ളതാണു മറ്റൊരു പ്രത്യേകത. ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി അഞ്ചു രൂപയുടെ മെംബർഷിപ്പ് ഫോറം പൂരിപ്പിച്ചു നൽകിയാണു പാർട്ടിയിൽ അംഗങ്ങളെ ചേർത്തിരിക്കുന്നത്.
ബൂത്തു പ്രസിഡന്റുമാർക്കുപുറമേ മണ്ഡലം പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലും അംഗങ്ങളെ ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം 15നകം മെംബർഷിപ്പ് പ്രവർത്തനം പൂർത്തീകരിക്കണമെന്നായിരുന്നു കെപിസിസിയുടെ നിർദേശം. അംഗങ്ങളുടെ ലിസ്റ്റുകൾ മണ്ഡലം പ്രസിഡന്റുമാർ ഡിസിസി ഓഫീസിൽ കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ചു. സമർപ്പിച്ച ലിസ്റ്റുകൾ കെപിസിസിയുടെ നിരീക്ഷകരായ മുൻ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂർ, കെപിസിസി സെക്രട്ടറി ജെയ്സണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഡിസിസിയിൽ സ്ക്രൂട്ടിനി നടന്നു വരുകയാണ്.
വൈക്കം, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ സ്ക്രൂട്ടിനി പൂർത്തിയായി. പുതുപ്പള്ളി, കോട്ടയം, പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ സ്ക്രൂട്ടിനി തുടരുകയാണ്. സ്ക്രൂട്ടിനി പൂർത്തിയായി കഴിഞ്ഞാൽ അംഗങ്ങളായവരുടെ സന്പൂർണ ലിസ്റ്റ് ഡിസിസി പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാനും പരിഹരിക്കാനും 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കെപിസിസിയുടെ പ്രത്യേക നിരീക്ഷക സമിതിയുടെ നേതൃത്വത്തിലായിരിക്കും പരാതി പരിഹരിക്കുന്നത്.
ഇതിനു ശേഷം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ് അനുസരിച്ചായിരിക്കും ജില്ലയിലെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ നടക്കുന്നത്. ജില്ലയിലെ രാഷ്്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമായതിനാലാണ് റിക്കാർഡ് അംഗങ്ങളെ ചേർക്കാൻ കഴിഞ്ഞതെന്നും ആരെയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചേർത്തിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
അതേസമയം മെംബർഷിപ്പ് സമർപ്പണം പൂർത്തിയായതോടെ എ, ഐ വിഭാഗങ്ങൾ അവകാശവാദവുമായി രംഗത്തു വന്നിട്ടുണ്ട്. തങ്ങൾക്കാണ് ആധിപത്യമെന്ന് എ ഗ്രൂപ്പ് അവകാശപ്പെടുന്പോൾ തങ്ങൾക്ക് അംഗങ്ങളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കാൻ സാധിച്ചെന്നാണ് ഐ ഗ്രൂപ്പിന്റെ ഉന്നത നേതാവ് പറഞ്ഞത്.