തിരുവനന്തപുരം: മുന്നണി യോഗ ബഹിഷ്കരണത്തിന്റെ പേരിൽ തുടങ്ങിയ കോൺഗ്രസിലെ തമ്മിലടി വിഷയത്തിൽ പരാതികളുമായി ഇരുഭാഗവും ഹൈക്കമാൻഡിനു മുന്പിലേക്ക്.
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ പരാതി നൽകാൻ കെപിസിസി നേതൃത്വം നടപടി തുടങ്ങിയതിനു പിന്നാലെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരേ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകളും നീക്കം തുടങ്ങി.
യുഡിഎഫ് യോഗ ബഹിഷ്കരണത്തിലൂടെ മുതിർന്ന നേതാക്കൾ നടത്തിയത് പാർട്ടിയെ പിന്നോട്ടു നയിക്കാനും ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ ആരോപണം.
അണികളുടെ വീര്യം കെടുത്തുന്ന ഗ്രൂപ്പുകളുടെ പ്രവർത്തനം ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യം ഹൈക്കമാൻഡിനു മുന്നിൽ നേരിട്ട് അവതരിപ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശ്രമിക്കുന്നത്.
എന്നാൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവഗണിക്കുന്നുവെന്നാണ് എ, ഐ ഗ്രൂപ്പുകൾ പരാതിപ്പെടുന്നത്.
നേതാക്കളെ പരസ്യമായി അപമാനിക്കുന്നു. മുതിർന്ന നേതാക്കൾക്കെതിരേയുള്ള നീക്കമായാണ് പലർക്കെതിരേയും അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
വ്യക്തിവിരോധവും കുടിപ്പകയും തീർക്കാൻ അച്ചടക്ക നടപടിയെ ദുരുപയോഗിക്കുകയാണ്.
പാർട്ടിയിൽ സുപ്രധാന തീരുമാനമെടുക്കുന്പോൾപോലും കൂടിയാലോചന ഉണ്ടാകുന്നില്ല. രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്ന ആവശ്യം പരിഗണിക്കുന്നതു പോലുമില്ല.
ഇക്കാര്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു മുന്പാകെ ഉമ്മൻ ചാണ്ടി ഉന്നയിച്ചിട്ടും സംസ്ഥാന നേതൃത്വം കണക്കിലെടുക്കുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേതാക്കൾ തമ്മിലടിക്കുന്നതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്.
പാർട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓർമ വേണമെന്നു ഫേസ്ബുക്കിലിട്ട പോസ്റ്റിൽ കുഴൽനാടൻ പറയുന്നു.
വലിയ വീഴ്ചയ്ക്കു ശേഷം പിടഞ്ഞെഴുന്നേൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് പാർട്ടിയെന്നും താഴേത്തട്ടിലെ പ്രവർത്തകർ വെയിലും മഴയും കൊണ്ടും തെരുവിൽ പോലീസിന്റെ അടി വാങ്ങിയും പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്പോൾ അവരുടെ മനസു തകർക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നുമുണ്ടാകരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.