പയ്യോളി: കീഴൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റി ബിജെപിക്ക് “വിറ്റ’തായി ആരോപണം. 2012 നു പയ്യോളി, തുറയൂര്‍ പഞ്ചായത്തുകള്‍ പ്രവര്‍ത്തന മേഖലയായി നിശ്ചയിച്ച് പ്രവര്‍ത്തനം തുടങ്ങിയ കീഴൂരിലെ അഗ്രികള്‍ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയാണ് കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തില്‍ നിന്ന് മാറി ബിജെപി നിയന്ത്രണ ഭരണസമിതിയുടെ കീഴിലായത്.
ഈ ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ തിക്കോടിയിലെ കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്ത് അംഗമാണെന്നാണ് പ്രധാന ആരോപണം.
സൊസൈറ്റി രൂപീകരണകാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ സൊസൈറ്റി ഭരണസമിതിയെ കബളിപ്പിച്ച് രഹസ്യമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്കി സൊസൈറ്റി കയ്യിലാക്കാന്‍ ബിജെപിക്ക് ഒത്താശ ചെയ്തതായാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആരോപണം. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് കുറ്റിയില്‍ ഗോപാലന് ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് രേഖാമൂലം പരാതി നല്കി.
ബിജെപിയുടെ തുറയൂര്‍, പയ്യോളി മേഖലകളിലെ മുതിര്‍ന്ന നേതാക്കളാണ് ഇപ്പോള്‍ സൊസൈറ്റിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും .ഇവരെ കൂടാതെ പതിനൊന്നംഗ ഭരണസമിതിയില്‍ ബിജെപിയുടെ രണ്ടാം നിര നേതാക്കളാണ് കൂടുതല്‍ ഉള്ളത്. മുന്‍ ഭരണസമിതിയില്‍ പ്പെട്ട രണ്ട് വനിതകളും പുതിയ ഭരണ സമിതിയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഈ മാസം മൂന്നിനാണ് പുതിയ ഭരണ സമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തല്ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ഇവിടെ ഉള്ളത്. നേരത്തെ ഹോണററി സെക്രട്ടറിയായി ഉണ്ടായിരുന്ന വനിതയെ മാറ്റിയിട്ടുണ്ട്.
ഇടത്ത് വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി നേതൃത്വം നല്കുന്ന സംഘങ്ങള്‍ രൂപീകരിക്കാന്‍ എളുപ്പമല്ലാത്തതിനാലാണ് ബിജെപി നേതൃത്വം വളഞ്ഞ വഴിയിലൂടെ സൊസൈറ്റി പിടിച്ചെടുത്തതെന്നാണ് ആക്ഷപം.
നേരത്തെ നൂറില്‍ താഴെ അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന സൊസൈറ്റിയില്‍ ഇപ്പോള്‍ നാനൂറോളം അംഗങ്ങള്‍ ഉണ്ട്. ഇവരില്‍ ഭൂരിപക്ഷവും ബിജെപി അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി പ്രാദേശിക നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, കോണ്‍ഗ്രസ്സ് ഗ്രൂപ്പ് വടം വലിയില്‍പെട്ട് നഷ്ടത്തിലായ സൊസൈറ്റിയെ സഹകരണ വകുപ്പില്‍ നിന്നുള്ള ലിക്വിഡേഷന് നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനായി രാഷ്ട്രീയം നോക്കാതെ അംഗത്വം നല്‍കുകയായിരുന്നുവെന്നാണ് ആരോപണ വിധേയനായ കോണ്‍ഗ്രസ്സ് അംഗവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. പയ്യോളി ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ എ വിഭാഗക്കാരാണ്.
ഐ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ സൊസൈറ്റി നേരത്തെ രൂപീകരിച്ച് പ്രവര്‍ത്തിച്ചത്. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിക്ക് ഇതുപോലൊരു വലിയ നീക്കം മനസ്സിലാക്കാനും തടയാനും സാധിക്കാതിരുന്നത് മണ്ഡലം ഭാരവാഹികളുടെ പരാജയമായാണ് പ്രവര്‍ത്തകര്‍ കാണുന്നത്. സംഭവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത ഉണ്ട്.