വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ സിപിഎമ്മിനോടൊപ്പം വേദി പങ്കിട്ടതിന്റെ പേരിൽ കോണ്ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയിൽ രാധാകൃഷ്ണനു കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. കഴിഞ്ഞയാഴ്ച ഓർക്കാട്ടേരിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പങ്കെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മതേതരത്വ സംരക്ഷണ മഹാറാലിയിൽ പങ്കെടുത്തതിന്റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ സിപിഎമ്മിനോടൊപ്പം പങ്കെടുക്കരുതെന്ന കെപിസിസി നിർദേശം ലംഘിച്ചതാണ് കോട്ടയിൽ രാധാകൃഷ്ണന്റെ കുറ്റം. സിപിഎമ്മുമായി ചേർന്ന് സംയുക്ത സമരം വേണ്ട എന്ന് കെപിസിസി തീരുമാനിച്ചതിനു വിരുദ്ധമായി രാധാകൃഷ്ണൻ മുൻകൈയെടുത്ത് സംയുക്തമായി മഹാറാലി സംഘടിപ്പിച്ചതായി കാണുന്നുവെന്നാണ് നോട്ടീസിൽ പറയുന്നത്. കെപിസിസി പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിൽ തന്നെയാണ് ഈ പരിപാടി നടത്തിയതെന്നുള്ളതും ആക്ഷേപകരമാണ്.
ഒരു കോണ്ഗ്രസ് പ്രവർത്തകനെന്ന നിലയിൽ ഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നോട്ടീസ് കിട്ടി മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നും പറയുന്നു. സമാധാനം നൽകാതിരിക്കുകയോ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്താൽ മറ്റു നടപടി സ്വീകരിക്കുന്നതാണെന്ന മുന്നറിയിപ്പുമുണ്ട്.
ഓർക്കാട്ടേരിയിൽ നടന്ന റാലിയിൽ ഏറാമല പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നും ആയിരങ്ങളാണ് പങ്കെടുത്തത്. പല പഞ്ചായത്തുകളിലും എല്ലാ രാഷ്ട്രീയ കക്ഷികളും കൂട്ടായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വടകരയിൽ ഒരു നേതാവിനു കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിരിക്കുന്നത്. ചിലരുടെ വ്യക്തി വൈരാഗ്യം തീർക്കാനാണ് നോട്ടീസ് നൽകിയതെന്ന് പ്രാദേശിക കോണ്ഗ്രസ് പ്രവർത്തകർ തന്നെ പറയുന്നു. അതേസമയം നോട്ടീസിനു മറുപടി നൽകുമെന്നു കോട്ടയിൽ രാധാകൃഷ്ണൻ അറിയിച്ചു.