പൊറത്തിശേരി: തട്ടിപ്പിനെത്തുടർന്നു സാന്പത്തികസ്ഥിതി ബുദ്ധിമുട്ടിലായ കരുവന്നൂർ സഹകരണ ബാങ്കിനെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ പൊറത്തിശേരി മേഖലകളിൽ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതു കരുവന്നൂർ ബാങ്കാണ്.
എന്നാൽ, ബാങ്ക് അധികൃതർ നടത്തിയ കോടികളുടെ തട്ടിപ്പിനെത്തുടർന്ന് ഇടപാടുകാർക്ക് അവരുടെ നിക്ഷേപം തിരികെ കൊടുക്കുവാൻ പോലും പറ്റാത്ത അവസ്ഥയാണ്.
അതിനാൽ ബാങ്ക് പൂർവ അവസ്ഥയിൽ ആകുന്നതുവരെ കരുവന്നൂർ ബാങ്ക് നടത്തിവന്ന പെൻഷൻ വിതരണം മുനിസിപ്പൽ പരിധിയിലുള്ള മറ്റേതെങ്കിലും സഹകരണബാങ്കിനെ ഏൽപ്പിക്കണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു.
തളിയക്കോണം പഞ്ചായത്ത് കിണറിനു സമീപം ചേർന്ന സായാഹ്നധർണ മഹിളാ കോണ്ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ഉദ്ഘാടനം ചെയ്തു. സിന്ധു അജയൻ അധ്യക്ഷത വഹിച്ചു.
ആന്റോ പെരുന്പുള്ളി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എൻ. സുരേഷ്, ശിവരാമൻനായർ, രഘുനാഥ് കണ്ണാട്ട്, സന്തോഷ് വില്ലടം, എം.എസ്. സന്തോഷ്, ഷാന്റോ പള്ളിത്തറ, സുബീഷ് കാക്കനാടൻ, ടി.വി. ബിജോയ് എന്നിവർ നേതൃത്വം നൽകി.